കോട്ടയം: വൈദ്യുതി കുടിശ്ശിക ഇനത്തിൽ കോടികൾ നൽകാനുള്ള പൊതുമേഖല സ്ഥാപനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് കെഎസ്ഇബി. കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങളിലെ ഫ്യൂസാണ് കെഎസ്ഇബി ഊരിയിരിക്കുന്നത്. കോട്ടയം നാട്ടകത്തെ ട്രാവൻകൂർ സിമന്റ്സിലെ വൈദ്യുതി കണക്ഷനാണ് വിച്ഛേദിച്ചിരിക്കുന്നത്. ഈ സ്ഥാപനം കുടിശ്ശികയായി രണ്ട് കോടി രൂപയാണ് സർക്കാറിന് നൽകാനുള്ളത്. ഇത്രയധികം കുടിശ്ശിക യാതൊരു കാരണവശാലും അനുവദിക്കാൻ സാധിക്കില്ലെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്നതിനാൽ കെഎസ്ഇബിയും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
ഇതിനുമുൻപ് പത്തനംതിട്ട റാന്നി ഡിഎഫ്ഒ ഓഫീസ് അടക്കമുള്ള വനം വകുപ്പ് ഓഫീസുകളുടെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു. വൈദ്യുതി കുടിശ്ശിക വന്നതോടെയാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ നേരിട്ടെത്തി ഡിഎഫ്ഒ ഓഫീസിലെ ഫ്യൂസ് ഊരിയത്. 17,000 രൂപയായിരുന്നു കുടിശ്ശികയായി നൽകാനുള്ളത്. സമാനമായ രീതിയിൽ എറണാകുളം കലക്ടറേറ്റിലെ ഫ്യൂസും കെഎസ്ഇബി ഊരിയിരുന്നു. 24 മണിക്കൂറിനു ശേഷമാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. മാർച്ച് 31നകം കുടിശ്ശികയുള്ള 52 ലക്ഷം രൂപ മുഴുവനായി അടച്ചു തീർക്കുമെന്ന് ജില്ലാ കലക്ടറുടെ ഉറപ്പിലാണ് കലക്ടറേറ്റിൽ വൈദ്യുതി പുനസ്ഥാപിച്ചത്.
Also Read: ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവരാണോ? കിടിലൻ ഹാൻഡ്സെറ്റുമായി റിയൽമി എത്തി
Post Your Comments