ഇടുക്കി: ജനവാസ മേഖലയിൽ വീണ്ടും അക്രമം വിതച്ച് കാട്ടാനയായ പടയപ്പ. മൂന്നാറിലാണ് പടയപ്പ വീണ്ടും എത്തിയിരിക്കുന്നത്. മാട്ടുപ്പെട്ടി ഇക്കോ പോയിന്റ് പരിസരത്തിറങ്ങിയ കാട്ടാന പ്രദേശത്തുള്ള വഴിയോരക്കടകൾ പൂർണമായും തകർത്തെറിഞ്ഞിട്ടുണ്ട്. തുടർന്ന് കടകളിലെ ഭക്ഷണസാധനങ്ങളും മറ്റും കഴിച്ചു. നിരവധി കടകളാണ് പടയപ്പയുടെ ആക്രമണത്തെ തുടർന്ന് തകർന്നത്. ഇന്ന് പുലർച്ചെ 6:30 ഓടേയാണ് കാടിറങ്ങി ജനവാസ മേഖലയിലേക്ക് പടയപ്പ എത്തുന്നത്.
മണിക്കൂറുകളോളം ജനവാസ മേഖലയിൽ തുടർന്ന പടയപ്പ വലിയ രീതിയിലുള്ള പരിഭ്രാന്തിയാണ് പരത്തിയത്. തുടർന്ന് ആർആർടി സംഘം സ്ഥലത്തെത്തുകയായിരുന്നു. നിലവിൽ, പടയപ്പയെ കാട്ടിലേക്ക് തുരത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മൂന്നാർ ടൂറിസ്റ്റ് കാറിന് നേരെ പടയപ്പ പാഞ്ഞടുത്തിരുന്നു. ആനയുടെ ആക്രമണത്തിൽ കാർ പൂർണമായും തകർന്നു. ഉടൻ തന്നെ യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ ആളപായം ഉണ്ടായിരുന്നില്ല. മൂന്നാറിൽ പടയപ്പയുടെ ആക്രമണം തുടർക്കഥയാകുന്നത് പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
Also Read: ഹോളി: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
Post Your Comments