തിരുവനന്തപുരം: കേരളത്തില്‍ ഏപ്രില്‍ 26-ന് നിശ്ചയിച്ചിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റംവരുത്തണണെന്നാവശ്യപ്പെട്ട് മുസ്ലീം സംഘടനകള്‍ രംഗത്ത്. വെള്ളിയാഴ്ച ജുമുഅ ദിവസമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും കേരളത്തിലെ മറ്റ് മുസ്ലീം സംഘടനകളും തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചത്.
Read Also: മോദിക്കൊപ്പം ഭക്ഷണം കഴിക്കുന്നതില്‍ എന്താണ് തെറ്റ്? മുകേഷ്
കേരളത്തില്‍ ഏപ്രില്‍ 26 വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടത്തുന്നത് വോട്ടര്‍മാര്‍ക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും പോളിംഗ് ഏജന്റുമാര്‍ക്കും അസൗകര്യമുണ്ടാക്കുമെന്ന് ഐയുഎംഎല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
‘വെള്ളിയാഴ്ച ജുമുഅയാണ്, മുസ്ലീങ്ങള്‍ പള്ളികളില്‍ ഒത്തുകൂടുന്ന ദിവസമാണ്. കേരളത്തിലും തമിഴ്നാട്ടിലും ഈ ദിവസം വോട്ട് ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കും. ഇത് ഞങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
കൂടാതെ, കേരളത്തിലെ പ്രമുഖ മുസ്ലീം സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും വെള്ളിയാഴ്ച വോട്ടെടുപ്പ് വോട്ടര്‍മാര്‍ക്കും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും വെല്ലുവിളിയാകുമെന്നും വോട്ടര്‍മാരുടെ പോളിംഗിനെ ബാധിക്കുമെന്നും ആശങ്ക പ്രകടിപ്പിച്ചു.
ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളും നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട ആരാധനയാണ് ജുമുഅയെന്ന് സമസ്ത പ്രസ്താവനയില്‍ പറഞ്ഞു.
ഏപ്രില്‍ 26ന് നടത്താനിരുന്ന വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ, ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസലിയാര്‍ എന്നിവര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.
2024 ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടങ്ങളിലായി നടക്കുമെന്ന് ശനിയാഴ്ച നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ നാലിനാണ് ഫലം പ്രഖ്യാപിക്കുന്നത്.
Post Your Comments