ന്യൂഡൽഹി: വേനൽചൂട് അസഹ്യമായി മാറിയതോടെ യാത്രക്കാർക്ക് ശുദ്ധജലം ഉറപ്പുവരുത്താൻ പുതിയ നടപടിയുമായി ഇന്ത്യൻ റെയിൽവേ. റെയിൽനീർ എന്ന ബ്രാൻഡിന് പുറമേ, 13 ബ്രാൻഡുകൾക്ക് കൂടിയാണ് സെൻട്രൽ റെയിൽവേ അംഗീകാരം നൽകിയിരിക്കുന്നത്. ഇതോടെ, മുഴുവൻ സ്റ്റേഷനുകളിലും ട്രെയിനുകളിലും പുതിയ ബ്രാൻഡിലുള്ള കുടിവെള്ളം എത്തുന്നതാണ്. യാത്രക്കാരുടെ സൗകര്യാർത്ഥം സെൻട്രൽ റെയിൽവേ പാക്കേജ്ഡ് കുടിവെള്ള നിർമ്മാണ കമ്പനികൾക്ക് അംഗീകാരം നൽകിയതായി അധികൃതർ അറിയിച്ചു.
ഹെൽത്ത് പ്ലസ്, റക്കോകോ, ഗാലൺസ്, നിംബസ്, ഓക്സിബ്ലു, സൺറിച്ച്, എൽവിഷ്, ഇയോണിറ്റ, ഇൻവോലൈഫ്, ഓക്സിയോൺ, ഡെവൻ, ഓക്സിറൈസ്, കനയ എന്നിവയാണ് റെയിൽനീരിന് പുറമേ അംഗീകാരം ലഭിച്ച മറ്റ് 13 ബ്രാൻഡുകൾ. കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് സുരക്ഷിതമായ കുടിവെള്ളം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതൽ ബ്രാൻഡുകൾക്ക് കൂടി അംഗീകാരം നൽകിയിരിക്കുന്നത്.
Post Your Comments