ന്യൂഡൽഹി: ഒരു ലക്ഷം കോടിയുടെ അനധികൃത സ്വത്താണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതിനകം പിടിച്ചെടുത്തിട്ടുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതി തടയണമെന്ന നിർദേശം മാത്രമാണ് എൻഫോഴ്സ്മെൻറ് ഡിപ്പാർട്ട്മെൻറന് നൽകിയിട്ടുള്ളതെന്നും മോദി വ്യക്തമാക്കി. ഇഡിയെ കേന്ദ്രസർക്കാർ ചട്ടുകമാക്കുന്നെന്ന പ്രതിപക്ഷ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇഡിയെ പ്രതിപക്ഷ നേതാക്കൾക്കെതിരായ ആയുധമാക്കി മാറ്റുന്നുവെന്ന ആരോപണങ്ങൾ ശക്തമായതിനിടെയാണ് മോദിയുടെ പ്രതികരണം. ആദ്യമായാണ് ആരോപണത്തിന് മോദി മറുപടി നൽകുന്നത്. ഇഡിയുടെ പേരിൽ തന്നെ ആക്ഷേപിക്കുന്നത് അഴിമതിക്കാരാണെന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ലോക്സഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിനിടയിലാണ് ഇഡി ആരോപണങ്ങളിൽ പ്രധാനമന്ത്രിയുടെ പ്രതികരണം.
ഇതിനിടെ, വോട്ടെടുപ്പ് ഷെഡ്യൂളിൽ കടുത്ത എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തി. കോൺഗ്രസിനു പിന്നാലെ തൃണമൂലും ബിഎസ്പിയും എൻസിപിയും എതിർപ്പറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കുമെന്ന് പാർട്ടികൾ വ്യക്തമാക്കി. മൂന്നോ നാലോ ഘട്ടങ്ങളിൽ പൂർത്തിയാക്കണമായിരുന്നു എന്ന് മായാവതി അഭിപ്രായപ്പെട്ടു. ഏഴു ഘട്ടങ്ങളിലായുള്ള വോട്ടെടുപ്പ് ഫെഡറൽ തത്വങ്ങൾക്ക് എതിരെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.
Post Your Comments