KeralaLatest News

പാറശ്ശാലയിലെ ‘അപകടമരണത്തിൽ’ ദമ്പതികൾ അറസ്റ്റിൽ: നിർണായകമായത് അബോധാവസ്ഥയിലും യുവാവ് പറഞ്ഞ പേരുകൾ

പാറശ്ശാല: റോഡരികിൽ രക്തംവാര്‍ന്ന നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകം. തമിഴ്‌നാട് കൊല്ലങ്കോട് വളളവിള സ്വദേശിയായ മുഹമ്മദ് അസീം (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദമ്പതികളായ കൊല്ലങ്കോട് മേടവിളാകം സ്വദേശി ഷമീര്‍ (34), ചെങ്കവിളയ്ക്ക് സമീപം മങ്കുഴി ചെറുകോട് വീട്ടില്‍ ജനീഫാ ആല്‍ബര്‍ട്ട് (26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര കാരോട് – ചാരോട്ടുകോണം റോഡിലാണ് അസീമിനെ അപകടത്തില്‍പ്പെട്ട് റോഡരികില്‍ കണ്ടെത്തിയത്.

രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ചെങ്കവിളയിലെ മെഡിക്കല്‍ സ്റ്റോര്‍ ഉടമ 108 ആംബുലന്‍സ് വിളിച്ച് അസീമിനെ ആശുപത്രിയിലേക്ക് മാറ്റുകയും പൊഴിയൂര്‍ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ അസീം വെളളിയാഴ്ച രാവിലെ മരിച്ചു.

അസീമിനെ അപകടത്തില്‍പ്പെട്ട നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് പൊഴിയൂര്‍ പോലീസ് നടത്തിയ അന്വേഷണമാണ് അപകടമരണമായി മാറുമായിരുന്ന സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. അസീമിനെ ആശുപത്രിയിലേക്ക് മാറ്റുന്ന വേളയില്‍ അർധബോധാവസ്ഥയില്‍ ഷമീര്‍, ജനീഫ എന്ന പേരുകള്‍ പറഞ്ഞതായി മെഡിക്കല്‍ സ്റ്റോര്‍ ഉടമ പോലീസിന് മൊഴി നല്‍കിയിരുന്നു. അസീമിനെ കണ്ടെത്തിയ സ്ഥലത്ത് അപകടം നടന്നതിന്റെ യാതൊരു ലക്ഷണവും കണ്ടെത്താൻ സാധിക്കാതിരുന്നത് പോലീസിന് കൂടുതല്‍ സംശയത്തിന് കാരണമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികളായ ഇരുവരും പിടിയിലായത്.

സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:

ഷമീറിന്റെ ഭാര്യ ജനീഫയും അസീമും തമ്മിൽ വര്‍ഷങ്ങളായി അടുപ്പമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഷമീറും ജനീഫയും തമ്മില്‍ പിണങ്ങിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജനീഫ മങ്കുഴിയില്‍ അമ്മയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. മൂന്ന് ദിവസമായി അസീം മങ്കുഴിയിലെ വീട്ടില്‍ എത്തുന്നുണ്ടെന്ന വിവരം ലഭിച്ച ഷമീര്‍ വ്യാഴാഴ്ച വൈകീട്ട് ജനീഫയെ ഫോണില്‍ വിളിക്കുകയും താന്‍ കൊച്ചിയില്‍ പോകുന്നതായി പറയുകയും ചെയ്തു.

എന്നാല്‍, വ്യാഴാഴ്ച രാത്രി പതിനൊന്നര മണിയോടെ ഷമീര്‍ ജനീഫയുടെ വീട്ടിലെത്തിയപ്പോള്‍ അസീമിനെ കാണുകയും സമീപത്ത് കിടന്ന തടി ഉപയോഗിച്ച് അസീമിനെ അടിക്കുകയും ചെയ്തു. സംഘര്‍ഷത്തിനിടയില്‍ ഗുരുതരമായി പരിക്കേറ്റ്, അബോധാവസ്ഥയിലായ അസീമിനെ ഷമീറും ഭാര്യ ജനീഫയും ചേര്‍ന്ന് ഇരുചക്രവാഹനത്തില്‍ ഇരുവര്‍ക്കും ഇടയില്‍ ഇരുത്തി ചെങ്കവിളക്ക് സമീപം മുളളുവിളയില്‍ കൊണ്ടുവന്ന് റോഡരുകില്‍ ഉപേക്ഷിക്കുകയായിരുന്നു.

പൊഴിയൂര്‍ എസ്.എച്ച്.ഒ. ദീപു, ഗ്രേഡ് എസ്.ഐ. പ്രേമന്‍, എസ്.ഐ. ദീപക്ക്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഡിപിന്‍, ജിഷ്ണു എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്. അവിവാഹിതനായ അസീം വളളവിള സ്വദേശിയായ ഹനീഫ – ലത്തീഫ ദമ്പതികളുടെ മകനാണ്. കൊല്ലങ്കോട് കോഴിക്കടയിലെ ജീവനക്കാരനായ അസീം വ്യാഴാഴ്ച രാത്രി പത്തര മണിവരെ കടയിലുണ്ടായിരുന്നെന്ന് വ്യക്തമായിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button