Latest NewsKeralaNews

ഗായകന്‍ ജാസി ഗിഫ്റ്റിനെ അധിക്ഷേപിച്ചിട്ടില്ലെന്ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് പ്രിന്‍സിപ്പല്‍ ബിനുജ

ജാസി ഗിഫ്റ്റ് മാത്രം പാടുകയാണെങ്കില്‍ പാട്ട് തുടരാമെന്ന് പറഞ്ഞപ്പോള്‍ രണ്ടുപേര്‍ ചേര്‍ന്നാണ് പ്രാക്ടീസ് ചെയ്തതെന്നും അല്ലാതെ പാടാന്‍ കഴിയില്ലെന്നും അറിയിച്ച് ഇറങ്ങിപ്പോകുകയായിരുന്നു, തന്റെ ഭാഗം ന്യായീകരിച്ച് കോളേജ് പ്രിന്‍സിപ്പാള്‍

കൊച്ചി: കോളേജ് ഡേയ്ക്ക് ഉദ്ഘാടകനായെത്തിയ ഗായകന്‍ ജാസി ഗിഫ്റ്റിനെ അധിക്ഷേപിച്ചിട്ടില്ലെന്ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ്
പ്രിന്‍സിപ്പല്‍ ബിനുജ. സര്‍ക്കാര്‍ ഉത്തരവ് പാലിക്കണമെന്ന നിര്‍ദ്ദേശം മാത്രമാണ് താന്‍ നല്‍കിയത്. പരിപാടിയുടെ ഭാഗമായി നേരത്തെ എടുത്ത തീരുമാനം ലംഘിക്കുന്നത് കണ്ടാണ് ഇടപെട്ടതെന്നും പ്രിന്‍സിപ്പല്‍ മീഡിയവണിനോട് പറഞ്ഞു.

Read Also: റബർ കർഷകർക്ക് ആശ്വാസം! താങ്ങുവില വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ

പരിപാടിയുടെ ഭാഗമായി നേരത്തെ കുട്ടികളുമായി ചര്‍ച്ച ചെയ്ത് ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. ആ തീരുമാനം ലംഘിക്കുന്നതു കണ്ടാണ് ഇടപെട്ടത്. കുട്ടികളാണ് ഗസ്റ്റിനെ വിളിച്ചത്. പരിപാടിയുടെ ഭാഗമായുള്ള നിയമവശങ്ങള്‍ ജാസി ഗിഫ്റ്റിന് അറിയില്ലായിരിക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

2015ല്‍ സി.ഇ.ടിയില്‍ ഒരു അപകടത്തെ തുടര്‍ന്ന് ഇറക്കിയ ഉത്തരവില്‍ ക്യാമ്പസുകളില്‍ കുട്ടികളുടെ പരിപാടി അല്ലാതെ പുറത്തുനിന്നുള്ള പരിപാടികള്‍ പാടില്ലെന്ന് ഉത്തരവുണ്ടായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. സംഗീത പരിപാടികളോ ഡി.ജെ പരിപാടികളോ ഒന്നും പാടില്ല. കുസാറ്റ് അപകടത്തിനുശേഷം പൊലീസ് ഒന്നുകൂടി ജാഗ്രത പാലിക്കുന്നുണ്ട്. കോളേജ് ഡേയ്ക്ക് ജാസി ഗിഫ്റ്റ് ആണ് വരുന്നതെന്നു പറഞ്ഞപ്പോള്‍ ഉദ്ഘാടനത്തോടൊപ്പം പാടാന്‍ മാത്രമേ പറ്റൂവെന്നു പറഞ്ഞിരുന്നു. കൂടെ ആരും പാടാന്‍ പാടില്ലെന്നും അതു പുറത്തുനിന്നുള്ള പരിപാടി ആകുമെന്നും കുട്ടികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.

‘ഉദ്ഘാടനം കഴിഞ്ഞ് അദ്ദേഹം പാടാന്‍ തുടങ്ങി. ആദ്യം ജാസി ഗിഫ്റ്റ് പാടി. അതിനുശേഷം മറ്റൊരാള്‍കൂടി അദ്ദേഹത്തോടപ്പം പാടാന്‍ തുടങ്ങി. ഡാന്‍സ് ഒക്കെയുണ്ടായിരുന്നു. ഇതോടെ എനിക്ക് ടെന്‍ഷനായി. അവിടെ പൊലീസ് സാന്നിധ്യമുണ്ടായിരുന്നു. എനിക്കും മാനേജര്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് പറഞ്ഞിരുന്നു. അടുത്ത പാട്ട് പാടുന്നതിനുമുന്‍പ് മൈക്ക് തിരിച്ചുചോദിക്കുകയായിരുന്നു. അദ്ദേഹം തരികയും ചെയ്തു. മൈക്ക് തട്ടിപ്പറിച്ചിട്ടില്ല.’

‘ജാസി ഗിഫ്റ്റ് മാത്രം പാടുകയാണെങ്കില്‍ തുടരാമെന്ന് അവിടെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍, രണ്ടുപേര്‍ ചേര്‍ന്നാണ് പ്രാക്ടീസ് ചെയ്തതെന്നും അല്ലാതെ പാടാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ച് ഇറങ്ങിപ്പോകുകയായിരുന്നു. നിയമത്തെക്കുറിച്ച് പല പ്രാവശ്യം വിദ്യാര്‍ഥികളോട് ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. ഇപ്പോള്‍ കുട്ടികളുടെ ഇത്തരത്തിലുള്ള ഏതു പരിപാടിയും അവസാനിക്കുന്നത് അടിയിലാണ്. എന്തെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാല്‍ വേറെ രീതിയിലായിരിക്കും വ്യാഖ്യാനിക്കപ്പെടുക. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ എനിക്കെതിരെയായിരിക്കും കേസ് വരിക. ജാസി ഗിഫ്റ്റിനെ തടഞ്ഞതില്‍ മതപരമോ ജാതീയമോ ആയ അധിക്ഷേപ ചിന്തയൊന്നും തനിക്കില്ല’, ബിനുജ കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button