തിരുവനന്തപുരം: ജെസ്ന തിരോധനക്കേസിൽ കൂടുതൽ ആരോപണങ്ങളുമായി പിതാവ്. ജെസ്‌നയെ കാണാതാ യ സ്ഥലങ്ങളിൽ സിബിഐ അന്വേഷണം നടന്നില്ലെന്നും കോളജിൽ പഠിച്ച 5 പേരിലേക്കു അന്വേഷണം എത്തിയില്ലെന്നും ജെസ്നയുടെ പിതാവ് പരാതിപ്പെട്ടു.
ഇതുസംബന്ധിച്ച് ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹർജി സമർപ്പിച്ചു. സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഹർജി കോടതി സ്വീകരിച്ചു. ഇതിനെതിരെയുള്ള സിബിഐയുടെ ആക്ഷേപം സമർപ്പിക്കാൻ 2 ആഴ്ച നൽകി.ഹർജിയിലെ പ്രധാന ആരോപണങ്ങൾ ഇവയാണ്:
പുലിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്കാണു ജെസ്നയെ കാണാതായതെങ്കിലും ഈ സ്ഥലങ്ങളിൽ സിബിഐ പരിശോധന നടന്നില്ല. കൂടെ ഡിഗ്രിക്ക് പഠിച്ച സുഹൃത്ത് ജെസ്നയെ ചതിച്ചതായി സംശയമുണ്ട്. ജെസ്നയ്ക്ക് ശാരീരിക പ്രശ്നങ്ങളുണ്ടായതിനെ കുറിച്ച് അന്വേഷിച്ചില്ല. കോളജിന് പുറത്തുള്ള എൻഎസ്എസ് ക്യാംപുകൾക്ക് പോയത് അന്വേഷിച്ചിട്ടില്ല. അന്വേഷണം പരാജയമാണെന്നും ഹർജിയിൽ ആരോപിച്ചു.
അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ജെസ്ന മരിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും തിരോധാനത്തിനു മതതീവ്രവാദ സംഘടനകൾക്കു ബന്ധമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരള പൊലീസിന്റെ കണ്ടെത്തലുകളും സമാനമായിരുന്നു. 2018 മാർച്ച് 22ന് ആണ് ജെസ്നയെ കാണാനില്ലെന്നു പിതാവ് പൊലീസിൽ പരാതി നൽകിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷം കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് 2021 ഫെബ്രുവരി 19ന് കേസ് സിബിഐക്ക് കൈമാറുന്നത്.
അതേസമയം, തന്റെ ഭാര്യയുടെ സഹോദരനുമായി ജെസ്‌ന പ്രണയത്തിലാണെന്നും ഭാര്യയും വീട്ടുകാരും ജെസ്‌നയെയും അവരുടെ മാതാവിനെയും കൊലപ്പെടുത്തിയതാണെന്നും ആരോപണവുമായി മറ്റൊരാൾ രംഗത്തെത്തിയിരുന്നു. എന്നാൽ ഇയാൾക്ക് മാനസിക രോഗമാണെന്ന് പറഞ്ഞ് ഇയാളുടെ വീട്ടുകാർ ഇയാളെ തള്ളിക്കളഞ്ഞിരുന്നു.
Post Your Comments