ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പ് പ്രചാരണം യാതൊരു കാരണവശാലും പരിധി വിടാൻ പാടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ തന്നെ പുറത്തിറക്കുന്നതാണ്. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഓരോ രാഷ്ട്രീയ പാർട്ടികളുടെയും താര പ്രചാരകർക്കായിരിക്കും തിരഞ്ഞെടുപ്പ് പ്രചാരങ്ങളുടെ ഉത്തരവാദിത്തം ഉണ്ടാവുക. പ്രചാരണവേളയിൽ സ്ഥാനാർത്ഥികളെ വ്യക്തിപരമായി ആക്രമിക്കാനോ, വിദ്വേഷ പ്രസംഗങ്ങൾ നടത്താനോ, ജാതിപരമായ വിമർശനങ്ങൾ ഉന്നയിക്കാനോ പാടുള്ളതല്ല. പ്രചാരണ വേളയിൽ ഒരു രാഷ്ട്രീയ പാർട്ടിയെയും പരിധി വിടാൻ അനുവദിക്കുകയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണൻ വ്യക്തമാക്കി.
ഇതുവരെ നടന്നിട്ടുള്ള മാതൃകാ പെരുമാറ്റച്ചട്ട (MCC) ലംഘനങ്ങളുടെ ഡാറ്റ ശേഖരിച്ച ശേഷമാണ് അന്തിമ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. നിർദ്ദേശം ലംഘിക്കുന്ന പാർട്ടികൾക്ക് നോട്ടീസ് നൽകുന്നതല്ലാതെ നടപടി ഉണ്ടാകുന്നില്ലെന്ന് ജനങ്ങൾക്കിടയിൽ ആക്ഷേപമുണ്ട്. അതിനാൽ, കർശന നിയമ നടപടിയാണ് സ്വീകരിക്കുക.
Post Your Comments