പത്തനംതിട്ട: കെ മുരളീധരനും അടുത്തുതന്നെ കോണ്‍ഗ്രസില്‍ നിന്ന് പോകേണ്ടിവരുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. ‘കോണ്‍ഗ്രസില്‍ നല്ല നേതാക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരെല്ലാം പലപ്പോഴായി കൊഴിഞ്ഞു പോയി. ചേട്ടന് വേണ്ടി പരവതാനി വിരിച്ചിട്ടാണ് താന്‍ ബിജെപിയിലേക്ക് പോന്നത്’, പത്മജ വേണുഗോപാല്‍ പറഞ്ഞു. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു പത്മജ.
കോണ്‍ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് പത്മജ ഉന്നയിച്ചത്. ‘കോണ്‍ഗ്രസില്‍ പുരുഷാധിപത്യം. വനിതകളെ മുന്നേറാന്‍ പാര്‍ട്ടി അനുവദിക്കില്ല. സ്ത്രീകളെ അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണിത്. കെ കരുണാകരന്റെ മകളായതുകൊണ്ടുമാത്രമാണ് പാര്‍ട്ടി പരിപാടികളില്‍ രണ്ടാം നിരയുടെ മൂലയ്ക്ക് ഇരിക്കാന്‍ തന്നെ അനുവദിച്ചിരുന്നത്’, പത്മജ വേണുഗോപാല്‍ പറഞ്ഞു.
‘എന്റെ കുടുംബം ഭാരതം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് തന്നെ ആകര്‍ഷിച്ചു. അന്നത്തോടെയാണ് അദ്ദേഹത്തിന്റെ കുടുംബത്തിലെ അംഗമാകാന്‍ തീരുമാനിച്ചത്. തനിക്ക് പിന്നാലെ വരാന്‍ ഒരുപാട് പേരുണ്ട്. അവരെല്ലാം സമയം നോക്കി നില്‍ക്കുകയാണ്. പത്മജ പോയാല്‍ എന്ത് സംഭവിക്കുമെന്ന് തെരഞ്ഞെടുപ്പില്‍ കണ്ടറിയാം ഇത്തവണ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും. അത് എത്ര എണ്ണം എന്നതില്‍ മാത്രമേ സംശയമുള്ളൂ എന്നും ഇലക്ഷന്‍ കഴിഞ്ഞാല്‍ എഐസിസി ആസ്ഥാനം പൂട്ടും’ പത്മജ വേണുഗോപാല്‍ പറഞ്ഞു.
Post Your Comments