പത്തനംതിട്ട: വെച്ചൂച്ചിറയിൽ നിന്നും കാണാതായ ഡിഗ്രി വിദ്യാർത്ഥിനി ജസ്നയുടെ തിരോധാനക്കേസിൽ കോടതി വാദം കേട്ടു. സിബിഐ നൽകിയ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് പിതാവ് ജെയിംസ് നൽകിയ ഹർജിയിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വാദം കേട്ടു. കേസിലെ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി സിബിഐ സമർപ്പിച്ച റിപ്പോർട്ടിനെതിരെ ജസ്നയുടെ കുടുംബം തടസഹർജി ഫയൽ ചെയ്യുകയായിരുന്നു.
പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്നും കാണാതായ ജസ്നക്ക് എന്തു സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ലെന്നായിരുന്നു സിബിഐയുടെ റിപ്പോര്‍ട്ട്. താൽക്കാലിമായി അന്വേഷണം അവസാനിപ്പിച്ച് നൽകിയ റിപ്പോർട്ട് ചോദ്യം ചെയ്താണ് ജസ്നയുടെ അച്ഛൻ ജയിംസ് തർക്ക ഹർജി നൽകിയത്. അതേസമയം ജസ്നയുടെ നാട്ടുകാരനും കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകി. ജസ്ന തിരോധാനത്തിൽ ചില കാര്യങ്ങള്‍ അറിയിക്കാനുണ്ടെന്നും സിബിഐ മൊഴി രേഖപ്പെടുത്തിയില്ലെന്നുമാണ് ഹർജിയിലെ ആരോപണം.
സുതാര്യമായ അന്വേഷണം നടന്നപ്പോള്‍ എന്തുകൊണ്ട് സിബിഐയെ സമീപിച്ച തെളിവുകള്‍ നൽകിയില്ലെന്ന് തിരുവനന്തപുരം സിജെഎം കോടതി ചോദിച്ചു. ഹർജികളിൽ മറുപടി നൽകാൻ രണ്ടാഴ്ചത്തെ സമയം വേണമെന്ന് സിബിഐ ആവശ്യപ്പെട്ടു. കേസ് ഈ മാസം 26ലേക്ക് മാറ്റി.
ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ ജസ്നയെ 2018 മാർച്ച് 22നാണ് കാണാതാകുന്നത്. ലോക്കൽ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈക്കോടതി നിർദ്ദേശ പ്രകാരം സിബിഐ കേസ് ഏറ്റെടുത്തത്.
Post Your Comments