തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷന്റെ രണ്ട് ഗഡു കൂടി വിതരണം ചെയ്യും. വിഷുവിന് മുൻപാണ് പെൻഷൻ വിതരണം നടത്തുകയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഇതോടെ, 3200 രൂപ വീതമാണ് ഓരോരുത്തർക്കും ലഭിക്കുക. നിലവിൽ, ഒരു ഗഡു തുക വിതരണത്തിലാണ്. മുഴുവൻ തുകയും വിതരണം ചെയ്യുന്നതോടെ വിഷു, ഈസ്റ്റർ, റംസാൻ കാലത്ത് 4,800 രൂപ വീതമാണ് ഓരോരുത്തരുടെയും കൈകളിലേക്ക് എത്തുകയെന്ന് ധനമന്ത്രി വ്യക്തമാക്കി.
പതിവുപോലെ ബാങ്ക് അക്കൗണ്ട് നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, അല്ലാത്തവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിൽ പെൻഷൻ എത്തിക്കുന്നതാണ്. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിംഗ് നടത്തിയ മുഴുവൻ ആളുകൾക്കും പെൻഷൻ തുക വിതരണം ചെയ്യും. ഇനി മൂന്ന് മാസത്തെ കുടിശ്ശിക കൂടിയാണ് ബാക്കിയുള്ളത്. ഇവ പിന്നീട് വിതരണം ചെയ്യുന്നതാണ്. അതേസമയം, ബഡ്ജറ്റിൽ പ്രഖ്യാപിച്ചത് പോലെ അതത് മാസം പെൻഷൻ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.
Post Your Comments