ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടന കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ). സ്ഫോടനവുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ ഉടലെടുത്തതോടെയാണ് ഔദ്യോഗിക അറിയിപ്പ് പങ്കുവെച്ചത്. കൂടാതെ, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും എൻഐഎ അറിയിച്ചു. സ്ഫോടന കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലായെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യം തള്ളിക്കൊണ്ട് എന്‍ഐഎ വിശദീകരണവുമായി രംഗത്തെത്തിയത്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ടുള്ള അന്വേഷണം പുരോഗമിക്കുകയാണ്. നേരത്തെ പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ എൻഐഎയ്ക്ക് ലഭിച്ചിരുന്നു. പ്രതി പല ബിഎംടിസി ബസുകൾ മാറിക്കയറിയതായി കണ്ടെത്തിയിട്ടുണ്ട്. ശേഷം തുമക്കുരുവിലെത്തിയ പ്രതി അവിടെ വച്ച് വസ്ത്രം മാറി. ഒരു ആരാധനാലയത്തിൽ കയറി, തിരിച്ചിറങ്ങിയ ശേഷം ബെല്ലാരിയിലേക്കുള്ള ബസിൽ കയറിയെന്നും എൻഐഎ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എന്നാല്‍, പ്രതിയെയോ കേസുമായി ബന്ധപ്പെട്ട് മറ്റാരെയെങ്കിലുമോ പിടികൂടിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമായി.
Post Your Comments