KeralaLatest NewsNews

കേരള സർവകലാശാല കലോത്സവം: മത്സരഫലം അട്ടിമറിക്കാൻ ലക്ഷങ്ങൾ കോഴ ചോദിച്ചുള്ള ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവ മത്സരഫലം അട്ടിമറിക്കാൻ ലക്ഷങ്ങൾ കോഴ ചോദിച്ചുള്ള ശബ്ദരേഖ പുറത്ത്. വിവിധ സ്ഥാനങ്ങൾ ലഭിക്കാൻ ലക്ഷങ്ങളാണ് കോഴയായി ആവശ്യപ്പെടുന്നത്. വാട്ട്‌സ് ആപ്പ് സന്ദേശങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഒന്നാം സ്ഥാനത്തിന് ഒന്നരലക്ഷം, രണ്ടാം സ്ഥാനത്തിന് ഒരു ലക്ഷം, മൂന്നാം സ്ഥാനത്തിന് അമ്പതിനായിരം എന്നിങ്ങനെയാണ് കോഴ തുകയായി ആവശ്യപ്പെടുന്നത്. വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പുകളിൽ ഈ സന്ദേശം പ്രചരിക്കുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട് മറ്റൊരു സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ടും പ്രചരിക്കുന്നുണ്ട്. കോഴ നൽകിയവരെ വിധികർത്താക്കൾക്ക് മനസിലാക്കാൻ കാൽപ്പാദത്തിന്റെ അടിയിൽ അടയാളമിടണമെന്ന എഴുത്തും ചെസ്റ്റ് നമ്പറിന്റെ ചിത്രവുമടങ്ങിയ വാട്സാപ്പ് സന്ദേശത്തിന്റേതാണ് സ്‌ക്രീൻഷോട്ട്. കേരള യൂണിവേഴ്‌സിറ്റി കലോത്സവം നിർത്തിവെക്കാൻ കഴിഞ്ഞ ദിവസംവൈസ് ചാൻസലർ നിർദ്ദേശം നൽകിയിരുന്നു. കലോത്സവത്തിനെതിരെ കൂട്ടപ്പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഇനി മത്സരങ്ങളോ ഫലപ്രഖ്യാപനമോ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.

കലോത്സവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ പരാതികൾ പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് വൈസ് ചാൻസലർ വ്യക്തമാക്കിയിട്ടുണ്ട്. ലഭിച്ച മുഴുവൻ പരാതികളും പരിശോധിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. കലോത്സവത്തിന്റെ സമാപന സമ്മേളനവും ഉണ്ടാകില്ല. ഇതിനിടെ, ഫലപ്രഖ്യാപനത്തിന് പണം വാങ്ങിയെന്ന് ആരോപിച്ച് മൂന്ന് വിധി കർത്താക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, കേരള സർവകലാശാല കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ – കെഎസ്‌യു പ്രവർത്തകർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ചതിന് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ രണ്ട് കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എസ്എഫ്ഐ ജില്ലാ ഭാരവാഹികൾ അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കലോത്സവേദിയിൽ ഇടിച്ചു കയറിയതിനാണ് കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button