![](/wp-content/uploads/2024/03/1111-35.jpg)
കായംകുളം: കായംകുളം സെന്റ് മേരീസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ധനുഷ സതീഷ് എസ്എസ്എൽസി കണക്ക് പരീക്ഷയെഴുതുമ്പോൾ പിതാവ് സതീഷിന്റെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലായിരുന്നു. അച്ഛൻ മരിച്ചതറിയാതെ പരീക്ഷ എഴുതി തീർത്ത ധനുഷ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് ഇനി അച്ഛന്റെ കരുതലില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞത്.
ഞായറാഴ്ച രാത്രി നടന്ന ബൈക്ക് അപകടത്തിലാണ് പുള്ളിക്കണക്ക് മയൂരി ഹൗസിൽ സതീശ് കുമാർ(45) മരിച്ചത്. സതീഷിന്റെ മരണവിവരം ഇന്നലെ ഉച്ചവരെ ഭാര്യയെയും മക്കളെയും അറിയിച്ചിരുന്നില്ല. പുള്ളിക്കണക്ക് കൊച്ചാലുംമൂട് ജംഗ്ഷനിൽ ഞായറാഴ്ച രാത്രി നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് സതീശ് കുമാർ മരിച്ചത്.
കായംകുളത്തെ ഹെയർ സ്റ്റൈൽ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു മരിച്ച സതീഷ്. ബൈക്കിൽ കൂടെയുണ്ടായിരുന്ന പുള്ളിക്കണക്ക് മണ്ണത്ത് നന്ദനത്തിൽ ബിജു ബാബു (45) വിനെ പരുക്കുകകളോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബന്ധുവായ അനിതയാണ് രാവിലെ ധനുഷയെ സ്കൂളിലേക്ക് കൊണ്ടുപോയതും ഉച്ചയ്ക്ക് കൂട്ടിക്കൊണ്ടുവന്നതും. ചില അധ്യാപകരും സഹപാഠികളും മരണവിവരം അറിഞ്ഞെങ്കിലും ധനുഷ അറിയാതിരിക്കാൻ കരുതലെടുത്തു. ധനുഷ മടങ്ങിയെത്തിയ ശേഷമാണ് അമ്മയോടും സഹോദരി മയൂരിയോടും ബന്ധുക്കൾ മരണവിവരം പറഞ്ഞത്. കായംകുളം കംബ ബ്യൂട്ടി പാർലർ ജീവനക്കാരി ധന്യയാണ് സതീഷിന്റെ ഭാര്യ.
Post Your Comments