ഉച്ചയൂൺ ഓഫീസുകളിൽ എത്തിക്കുന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ട് കുടുംബശ്രീ. ഉച്ചഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്ന പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി, ഓഫീസുകളിലെ മേശയിലേക്ക് ഭക്ഷണം നേരിട്ട് എത്തിക്കുന്ന പദ്ധതിയാണ് കുടുംബശ്രീ ആവിഷ്കരിച്ചിരിക്കുന്നത്. ലഞ്ച്-ബെൽ എന്നറിയപ്പെടുന്ന ഈ പദ്ധതി തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ സെക്രട്ടറിയേറ്റ്, നിയമസഭ, വികാസ് ഭവൻ, ബാങ്കുകൾ, സ്വകാര്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് ഉച്ചഭക്ഷണം എത്തിക്കുക. ഘട്ടം ഘട്ടമായി മറ്റു ജില്ലകളിലേക്കും കൂടി പദ്ധതി വ്യാപിപ്പിക്കുന്നതാണ്.
കുടുംബശ്രീയുടെ പോക്കറ്റ് മാർട്ട് എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി രാവിലെ 7 മണി മുതൽ ഓർഡറുകൾ സ്വീകരിക്കുന്നതാണ്. ചോറ്, സാമ്പാർ, അച്ചാർ, കൂട്ടുകറി, പുളിശ്ശേരി എന്നിവ ഉൾപ്പെടുന്ന വെജിറ്റേറിയൻ ലഞ്ചിന് 60 രൂപയും, മത്സ്യവിഭവങ്ങൾ ഉൾപ്പെടുന്ന നോൺ വെജിറ്റേറിയൻ ലഞ്ചിന് 90 രൂപയുമാണ് നിരക്ക്. ഓഫീസ് പ്രവൃത്തി ദിനങ്ങൾക്ക് അനുസരിച്ച് ഒരു മാസത്തെ ഉച്ചഭക്ഷണം മുൻകൂട്ടി ഓർഡർ ചെയ്യാനും കഴിയുന്നതാണ്. സ്റ്റീൽ പാത്രങ്ങളിലാണ് ഊൺ വിതരണം ചെയ്യുക. സ്ഥിരമായി ഭക്ഷണം വാങ്ങുന്നയാൾക്ക് ഒരേ ലഞ്ച് ബോക്സ് തന്നെ നൽകുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തും. ഹരിത ചട്ടം പാലിക്കുന്നതിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് കണ്ടെയ്നറുകൾ ഒഴിവാക്കി സ്റ്റീൽ പാത്രങ്ങളിൽ ഊൺ വിതരണം ചെയ്യുന്നത്.
Post Your Comments