Latest NewsKeralaNews

പൗരത്വ ഭേദഗതി നിയമം ആർഎസ്എസ് അജണ്ട: ജനതയെ ഭിന്നിപ്പിച്ച് അധികാരത്തിലെത്താനുള്ള നീക്കമെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതിലൂടെ ആർഎസ്എസ് അജണ്ട മറ നീക്കി പുറത്ത് വന്നിരിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്നതാണിത്. സാമുദായിക സ്പർധ സൃഷ്ടിച്ചും വർഗീയ വികാരം ഇളക്കിവിട്ടും ജനതയെ ഭിന്നിപ്പിച്ച് അധികാരത്തിലെത്താനുള്ള നീക്കമായാണ് ഇതിനെ കാണേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഘടന ഉയർത്തിപ്പിടിക്കുന്ന അടിസ്ഥാന തത്വങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ഇത്തരം വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത് അംഗീകരിക്കാനാകില്ല. ഓരോ പൗരനും തുല്യ അവകാശമാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്.. അതപ്പാടെ അട്ടിമറിച്ച് പൗരൻമാരെ മതത്തിന്റെ പേരിൽ പലതട്ടുകളാക്കുകയാണ്. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഇതര മത വിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വം നൽകുകയും ഇസ്ലാം മതവിശ്വാസികൾക്കു മാത്രം പൗരത്വം നിഷേധിക്കുകയും ചെയ്യുന്നതിലൂടെ ലക്ഷ്യമിടുന്നത് വർഗീയ ധ്രുവീകരണവും ചേരിതിരിവുമല്ലാതെ മറ്റൊന്നുമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മതാടിസ്ഥാനത്തിൽ പൗരത്വത്തെ നിർണ്ണയിക്കുന്നത് അതീവ ഗുരുതരമായ ഭരണഘടനാ ലംഘനമാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറും മുഖ്യമന്ത്രി പിണറായി വിജയനും ഒരു കാര്യം വ്യക്തമാക്കിയിരുന്നു. കേരളത്തിൽ ഒരു കാരണവശാലും പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ല എന്നതാണത്. ഈ ഭരണഘടനാ വിരുദ്ധമായ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ നിയമസഭയാണ് നമ്മുടേത്. ഇതിലെ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിനെതിരെ ഹർജി ഫയൽ ചെയ്തതും കേരളമാണ്. ഇക്കാര്യത്തിൽ കേരളം മാത്രം മുന്നിൽ നിന്നാൽ പോര. രാജ്യമാകെ ഇതിനെതിരായ വികാരം ഉയരണം ഒരു വിഭാഗത്തിന്റെ വോട്ടവകാശം കൂടി നിഷേധിച്ച് ലോകസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള കുടില നീക്കം കൂടി ഇതിന് പിന്നിലുണ്ട്. വർഗീയ ചേരിതിരിവിന് ആക്കം കൂട്ടി രാഷ്ട്രീയ നേട്ടം കൊയ്ത് അധികാരം നിലനിർത്തുകയെന്നതാണ് പ്രധാന അജണ്ട. തീവ്ര ഹിന്ദുത്വ അടിച്ചേൽപിച്ച് മതേതര ഇന്ത്യയെ മത രാഷ്ട്രമാക്കാൻ നോക്കുകയാണെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button