അപകടം പതിയിരിക്കുന്ന ഗുണ കേവിലെ നിരോധിത മേഖലയിലേക്ക് ഇറങ്ങിയ 3 യുവാക്കൾ അറസ്റ്റിൽ. റാണിപേട്ട് സ്വദേശികളായ എസ്. വിജയ്, പി. ഭരത്, പി. രഞ്ജിത് കുമാർ എന്നിവരെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. മഞ്ഞുമ്മൽ ബോയ്സ് സിനിമ കണ്ട ആവേശത്തിൽ ഗുണ കേവിലേക്ക് ഇറങ്ങാൻ കൊടൈക്കനാലിൽ എത്തിയതാണ് മൂവർ സംഘം. മൂന്ന് പേർക്കും 24 വയസാണ് പ്രായം.
യുവാക്കൾ ഗുണ കേവിന് സമീപം ഉണ്ടെന്ന് വിവരം ലഭിച്ചയുടൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി 3 പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഗുണ കേവിൽ സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടെങ്കിലും, ഒരിടം കഴിഞ്ഞാൽ നിരോധിത മേഖലയാണ്. ഇവിടേക്കാണ് 3 യുവാക്കളും അതിക്രമിച്ച് കടന്നത്. മഞ്ഞുമ്മൽ ബോയ്സ് സിനിമ വമ്പൻ ഹിറ്റായി മാറിയതോടെ കൊടൈക്കനാലിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വലിയ തോതിലാണ് ഉയർന്നത്.
Also Read: സിഎഎ കേരളത്തില്‍ നടപ്പാക്കുമോ എന്ന് കാത്തിരുന്ന് കാണാം : സുരേഷ് ഗോപി
ഫെബ്രുവരിയിൽ മാത്രം ഒരു ലക്ഷത്തിലധികം വിനോദസഞ്ചാരികൾ കൊടൈക്കനാലും ഗുണ കേവും സന്ദർശിച്ചിട്ടുണ്ട്. നിലവിൽ, കൊടൈക്കനാലിൽ ഓഫ് സീസണാണ്. എന്നാൽ, തമിഴ്നാട്ടിലും കേരളത്തിലും മഞ്ഞുമ്മൽ ബോയ്സ് ഒരുപോലെ ഹിറ്റായി മാറിയതോടെ നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 40,000 വിനോദസഞ്ചാരികൾ ഗുണ കേവിൽ എത്തിയിട്ടുണ്ട്.
Leave a Comment