Latest NewsIndia

300-ൽ 315 മാർക്ക് വരെ! നഴ്സിം​ഗ് വിദ്യാർത്ഥികൾക്ക് വാരിക്കോരി നൽകി രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്

ബെം​ഗളുരു: ബെം​ഗളുരുവിൽ നഴ്സിം​ഗ് പഠിക്കുന്ന വിദ്യാർത്ഥികളുടെ പരീക്ഷാ ഫലമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. 300 -ൽ 310 മാർക്കും 315 മാർക്കും വരെയാണ് ചില വിദ്യാർത്ഥികൾക്ക് ലഭിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ പരീക്ഷാഫലം പിൻവലിച്ച് പുതിയ റിസൽട്ട് പ്രഖ്യാപിച്ചെങ്കിലും മാർക്ക് കുറഞ്ഞവർ പരാതിയുമായി രം​ഗത്തെത്തി. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (RGUHS) -ലെ ബിഎസ്‍സി നഴ്സിം​ഗ് രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികളുടെ പരീക്ഷാഫലമാണ് വിവാദമായിരിക്കുന്നത്.

ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിച്ച വിദ്യാർത്ഥികളിൽ ഒരാൾ പറഞ്ഞത്, ‘ശരിക്കും ഇത് തമാശ തന്നെയാണ്. പരീക്ഷയെഴുതിയ എന്റെ ക്ലാസിലെ കുട്ടികൾക്ക് 300 -ൽ 310 ഉം 315 ഉം മാർക്കൊക്കെ കിട്ടിയിട്ടുണ്ട്’ എന്നാണ്.

വളരെ പെട്ടെന്ന് തന്നെ യൂണിവേഴ്സിറ്റി അധികൃതരുടെ ശ്രദ്ധയിലും സംഭവം പെട്ടു. അപ്പോൾ തന്നെ പരീക്ഷാഫലം പിൻവലിക്കുകയായിരുന്നു. പിന്നീട്, തിരുത്തിയ ഫലം പ്രസിദ്ധീകരിച്ചു. എന്നാൽ, അതേസമയം തിരുത്തിയ മാർക്കിലും അതൃപ്തിയുണ്ട്. ഒരു രക്ഷിതാവ് പറഞ്ഞത്, ‘തന്റെ കുട്ടിക്ക് 275 മാർക്കുണ്ടായിരുന്നത് ഒറ്റരാത്രി കൊണ്ട് 225 മാർക്കായി മാറി. അതിൽ വളരെ അധികം നിരാശ തോന്നി. എന്നാൽ, ​ഗ്രേഡിൽ മാറ്റമില്ല എന്നത് മാത്രമാണ് ആശ്വാസം’ എന്നാണ്.

അതേസമയം യൂണിവേഴ്സിറ്റി അധികൃതർ പറയുന്നത് അവസാന നിമിഷം ഇന്റേണൽ മാർക്കുകൾ ഇതിനൊപ്പം ചേർക്കേണ്ടി വന്നു. അതിനാലാണ് മാർക്കിന്റെ കാര്യത്തിൽ ഇങ്ങനെ സംഭവിച്ചത് എന്നാണ്. മാർക്ക് തിരുത്തിയത് വിദ്യാർ‌ത്ഥികളെ ബാധിക്കില്ല എന്നും അധികൃതർ പറയുന്നു.

shortlink

Post Your Comments


Back to top button