കോട്ടയം: തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ‘എല്ലായിടത്തും തോൽപ്പിക്കാൻ വേണ്ടി സിപിഎമ്മിന്റെ അച്ചാരം വാങ്ങി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ.മുരളീധരനെന്ന്’ കെ.സുരേന്ദ്രന്‍ പറഞ്ഞു. എന്‍ഡിഎയെ തോൽപ്പിക്കാൻ ഇടതുമുന്നണിയെ ജയിപ്പിക്കാൻ അച്ചാരം വാങ്ങിയാണ് കെ.മുരളീധരൻ വന്നത്.
സ്വന്തം മാതാവിനെ ആക്ഷേപിച്ച കോൺഗ്രസിലെ സാമൂഹ്യ വിരുദ്ധരെ തള്ളിപ്പറയാൻ പോലും മുരളീധരൻ തയാറായില്ലെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. കോട്ടയത്ത് എന്‍ഡിഎ പാര്‍ലമെന്‍റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.‘ഇത്തവണ കേരളത്തില്‍ എന്‍ഡിഎ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന് അറിയുന്നത് മൂലമാണ് ഇരുമുന്നണികളിലും ഈ അങ്കലാപ്പ് കാണുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ഒരു മണ്ഡലത്തില്‍ സിറ്റിങ് എംപി പരാജയം സമ്മതിച്ച് മാറിപോയിരിക്കുന്നു അതും ബിജെപിയുടെ സ്ഥാനാര്‍ഥി കാരണം തൃശൂരില്‍ സിറ്റിങ് എം.പി മാറിനില്‍ക്കുകയാണ്. ബാക്കി എല്ലായിടത്തും സിറ്റിങ് എംപിമാരെ തന്നെ വെച്ചിരിക്കുകയാണ്. തൃശൂരില്‍ സിറ്റിങ് എംപിയെ മാറ്റി അവര്‍ മുരളീധരനെ കൊണ്ടുവന്നിരിക്കുന്നു.
മുരളീധരന്‍ എപ്പോഴും ജയിക്കാന്‍ വേണ്ടി മത്സരിക്കുന്ന സ്ഥാനാര്‍ഥിയല്ല. മുരളീധരന്‍ ശിഖണ്ഡിയെ പോലെയാണ്, തോല്‍പ്പിക്കാന്‍ വേണ്ടി മുന്‍പില്‍ നില്‍ക്കുന്നയാളാണ്. നേമത്ത് ഞങ്ങള്‍ കാണിച്ചുതന്നു എന്നാണ് പറയുന്നത്. കേരളത്തില്‍ ഒരു തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് നിങ്ങള്‍ ജയിക്കില്ല. വീണ്ടും വെറൊരു പാര്‍ട്ടി മാറേണ്ടിവരും. എല്ലാവരും ജയിക്കാനാണ് മത്സരിക്കുന്നത് ഇദ്ദേഹമാകട്ടെ ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് എത്തിക്കാനാണ് മത്സരിക്കുന്നത് എന്ന് പറയുന്നു. എന്തിനാണ് ഈ കങ്കാണി പണി’ – കെ.സുരേന്ദ്രന്‍ പറഞ്ഞു.
പത്മജയുടെ പിതൃത്വത്തെ കോൺഗ്രസുകാർ ചോദ്യം ചെയ്യുന്നു. ചെന്നിത്തല പോലും അതിന് മറുപടി പറഞ്ഞു.മുരളീധരൻ മറുപടി പറയാൻ തയ്യാറായില്ല. രാഷ്ട്രീയത്തിൽ മര്യാദ കാണിക്കണം. ബിജെപിയെ തോൽപ്പിക്കാൻ ആരുമായും കോൺഗ്രസ് കൂട്ടുകൂടും.അനിൽ ആൻ്റണിയുടെ ബിജെപി പ്രവേശനത്തില്‍ എകെ ആൻ്റണി പക്വതയോടെയാണ് പ്രതികരിച്ചത്.
മുരളീധരൻ നിരവധി പാർട്ടികൾ മാറിയിട്ടുണ്ട്. എന്നിട്ടാണ് ബിജെപിയിൽ ചേർന്ന പത്മജയെ വിമർശിക്കുന്നത്. യുഡിഎഫും എല്‍ഡിഎഫും വികസന വിരോധികളാണ്.മോദി ഗ്യാരൻ്റിക്ക് മാത്രമെ കേരളത്തെ രക്ഷിക്കാനാകുവെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments