ടോക്കിയോ: സാഹസിക യാത്രികരുടെ ഇഷ്ട ഇടങ്ങളിൽ ഒന്നാണ് ജപ്പാനിലെ പ്രശസ്തമായ മൗണ്ട് ഫുജി അഗ്നിപർവ്വതം. ഓരോ വർഷവും നിരവധി സാഹസിക യാത്രികരാണ് അഗ്നിപർവ്വതം സന്ദർശിക്കാൻ എത്താറുള്ളത്. ഇപ്പോഴിതാ ഹൈക്കർമാർക്ക് പുതിയ നിബന്ധനയുമായി എത്തിയിരിക്കുകയാണ് അധികൃതർ. ജൂലൈ 1 മുതൽ എൻട്രി ചാർജ് ഈടാക്കാനാണ് അധികൃതരുടെ തീരുമാനം. ഇതോടെ, ജൂലൈ 1 മുതൽ ഫുജി അഗ്നിപർവ്വതം സന്ദർശിക്കണമെങ്കിൽ 13 ഡോളർ എൻട്രി ചാർജായി നൽകണം. ഫുജിയിൽ എത്താനുള്ള യോഷിദ ട്രെയിൻ മാർഗ്ഗം തിരഞ്ഞെടുക്കുന്നവർക്കാണ് എൻട്രി ഫീസ് ഈടാക്കുന്നത്. അതേസമയം, മറ്റു മൂന്ന് പാതകളിലൂടെ എത്തുന്നവർക്ക് ഇവ ബാധകമല്ല.
വർഷത്തിന്റെ ഭൂരിഭാഗം സമയവും മഞ്ഞുമൂടി കിടക്കുന്ന പ്രദേശമാണ് ഫുജി. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള സീസണിൽ പ്രതിവർഷം 2 ലക്ഷത്തിലധികം സന്ദർശകർ ഇവിടെ എത്താറുണ്ട്. അതേസമയം, യോഷിദ ട്രെയിനിലൂടെയുള്ള സഞ്ചാരികളുടെ എണ്ണം 4000 ആക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വൈകിട്ട് 4 മണിക്കും പുലർച്ചെ 2 മണിക്കും ഇടയിൽ ഈ പാതയിലൂടെ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല. സുരക്ഷ കാരണങ്ങൾ മുൻനിർത്തിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്.
Post Your Comments