‘മഞ്ഞക്കൊമ്പനാ, തുമ്പിക്കൈ കൊണ്ട് ഒറ്റയടിയായിരുന്നു, അലറിവിളിച്ചിട്ടും ആന പോയില്ല’: ആനപ്പേടിയിൽ വാഴച്ചാൽ

തൃശൂര്‍: കണ്മുന്നിൽ ഭാര്യയുടെ ജീവൻ ആന എടുത്തതിന്റെ ഞെട്ടലിലാണ് വാഴച്ചാല്‍ സ്വദേശിയായ രാജൻ. കാട്ടാനയുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട വത്സയെ ആന തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നുവെന്ന് രാജൻ പറയുന്നു. കാട്ടില്‍ വിഭവങ്ങള്‍ ശേഖരിക്കാനായി പോയപ്പോഴായിഉർന്നു സംഭവം. അപ്രതീക്ഷിതമായിട്ടായിരുന്നു ആനയുടെ ആക്രമണം. വാച്ചുമരം കോളനി മൂപ്പന്‍ കൂടിയായ രാജന്‍ ഭാര്യയെ ആന ആക്രമിക്കുന്നതിന് ദൃക്‌സാക്ഷിയായിരുന്നു.

‘ഞങ്ങള് കാട്ടില് കായെടുക്കാന്‍ വേണ്ടി പോയതാ. കായ പെറുക്കി കൂട്ടിയിട്ടിട്ട് കഴിഞ്ഞ് അത് തല്ലിപ്പൊട്ടിക്കാന്‍ ഒരു കമ്പെടുക്കാന്‍ ഞാന്‍ പറഞ്ഞിട്ട് പോയതാ. അപ്പഴാണ് ആന ചിന്നം വിളിച്ചോണ്ട് ഒറ്റവരവ് വന്നത്. ആദ്യം എന്നെ തട്ടി. ‘ആന വരുന്നേ’ എന്ന് ഞാന്‍ വിളിച്ച് പറഞ്ഞപ്പോഴേക്ക് അത് തുമ്പിക്കൈ കൊണ്ട് ഒറ്റയടിയായിരുന്നു. ഒരാനയേ ഉണ്ടായിരുന്നുള്ളൂ. അത് മഞ്ഞക്കൊമ്പനാണ്. എവിടെ ചെന്നാലും അതിനെക്കൊണ്ട് ശല്യമാണ്’, രാജൻ പറഞ്ഞു.

രാവിലെ ഒമ്പത് മണി മുതല്‍ വനവിഭവങ്ങള്‍ ശേഖരിക്കാനായി രാജനും ഭാര്യ വത്സയും കാട്ടിലായിരുന്നു. വൈകീട്ട് മൂന്നരയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വത്സയുടെ നെഞ്ചില്‍ ആന ചവിട്ടി. മൂപ്പന്‍ അലറി വിളിച്ചെങ്കിലും കുറച്ച് കഴിഞ്ഞാണ് ആന പോയത്. ശേഷം കോളനിക്കടുത്തെത്തി ആളുകളേയും കൂട്ടി സ്ഥലത്തെത്തുകയായിരുന്നു. അപ്പോഴേക്കും വത്സ മരിച്ചിരുന്നു.

Share
Leave a Comment