ബെംഗളൂരു: ജലക്ഷാമം രൂക്ഷമായതോടെ വെള്ളത്തിന്‍റെ ദുരുപയോഗം തടയാൻ പിഴ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളുമായി ബെംഗളൂരുവിലെ ഹൗസിംഗ് സൊസൈറ്റികൾ. കുടിവെള്ളം ദുരുപയോഗം ചെയ്യുന്ന താമസക്കാർക്ക് 5000 രൂപ പിഴ ചുമത്താനാണ് ഒരു ഹൗസിംഗ് സൊസൈറ്റിയുടെ തീരുമാനം. സ്ഥിതിഗതികള്‍ വിലയിരുത്താൻ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെയും നിയമിച്ചിട്ടുണ്ട്.
ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ വെള്ളം കരുതലോടെ ഉപയോഗിക്കാൻ ബംഗളൂരുവിലെ നിരവധി ഹൗസിംഗ് സൊസൈറ്റികൾ താമസക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വൈറ്റ്ഫീൽഡ്, യെലഹങ്ക, കനക്പുര എന്നിവിടങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. കഴിഞ്ഞ നാല് ദിവസമായി ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡിൽ (ബിഡബ്ല്യുഎസ്എസ്ബി) നിന്ന് വെള്ളം ലഭിക്കുന്നില്ലെന്ന് വൈറ്റ്ഫീൽഡിലെ പാം മെഡോസ് ഹൗസിംഗ് സൊസൈറ്റി താമസക്കാരെ അറിയിച്ചു. ഭൂഗർഭ ജലത്തെ ആശ്രയിച്ചാണ് നിലവിൽ മുന്നോട്ടുപോകുന്നത്. ജല ഉപഭോഗം 20 ശതമാനം കുറയ്ക്കാനും ഹൗസിംഗ് സൊസൈറ്റി ആവശ്യപ്പെട്ടു. ജല ഉപഭോഗം 20 ശതമാനം വെട്ടിക്കുറച്ചില്ലെങ്കിൽ 5,000 രൂപ അധിക ചാർജ് ഈടാക്കുമെന്നാണ് അറിയിപ്പ്. ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് ഉയർന്ന പിഴ ചുമത്തും. ഇക്കാര്യം ഉറപ്പാക്കാൻ ഒരു ഗാർഡിനെ നിയമിക്കാനും ഹൌസിങ് സൊസൈറ്റി തീരുമാനിച്ചു.
സ്വകാര്യ ടാങ്കറുകൾ, കുഴൽക്കിണറുകൾ, ജലസേചന കിണറുകൾ എന്നിവയുടെ നിയന്ത്രണം സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. രൂക്ഷമായ ജലക്ഷാമം വാട്ടർ ടാങ്കറുകളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണിത്. എല്ലാവർക്കും ഒരുപോലെ ജലലഭ്യത ഉറപ്പാക്കുമെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. ഈ ജലപ്രതിസന്ധി ലഘൂകരിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ ബംഗളൂരുവിൽ 5,000 ലിറ്റർ വാട്ടർ ടാങ്കറിന്‍റെ വില 500 രൂപയായിരുന്നെങ്കിലും പ്രതിസന്ധിയെ തുടർന്ന് വില 2,000 രൂപയായി ഉയർന്നു. നാലായിരത്തോളം സ്വകാര്യ ടാങ്കറുകൾ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്. 14,000 കുഴൽക്കിണറുകളിൽ ഏകദേശം 7,000 എണ്ണം വറ്റിയതിനാൽ വിതരണത്തിൽ 50 ശതമാനം കുറവുണ്ടായി. മൂന്നിരട്ടി വരെ വില നൽകിയാണ് വെള്ളം വാങ്ങുന്നതെന്ന് ഹൌസിംഗ് സൊസൈറ്റികള്‍ പറയുന്നു.
Post Your Comments