തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി/ടിഎച്ച്എസ്എൽസി/ എഎച്ച്എൽസി പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും. ഇക്കുറി 4,27,105 വിദ്യാർത്ഥികളാണ് മാറ്റുരയ്ക്കുക. മാർച്ച് 25 വരെയാണ് എസ്എസ്എൽസി പരീക്ഷകൾ നടക്കുക. സംസ്ഥാനത്ത് 2,995 കേന്ദ്രങ്ങളും, ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളും, ഗൾഫ് മേഖലയിൽ 7 കേന്ദ്രങ്ങളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഇത്തവണ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. 28,180 വിദ്യാർത്ഥികളാണ് മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ നിന്ന് പരീക്ഷ എഴുതുന്നത്. അതേസമയം, ഏറ്റവും കുറച്ച് പേർ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്. 1,843 പേരാണ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ നിന്ന് പരീക്ഷ എഴുതുക. ഗൾഫ് മേഖലയിൽ നിന്ന് 536 വിദ്യാർത്ഥികളും, ലക്ഷദ്വീപ് മേഖലയിൽ നിന്ന് 286 വിദ്യാർത്ഥികളും പരീക്ഷ എഴുതും.
എസ്എസ്എൽസി പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ 3 മുതൽ 27 വരെയാണ് നടക്കുക. സംസ്ഥാനത്തുടനീളം 70 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. 2 ഘട്ടമായാണ് മൂല്യനിർണയം നടക്കുക. ഇവ അതിവേഗത്തിൽ പൂർത്തിയാക്കിയ ശേഷം മെയ് രണ്ടാം വാരത്തോടെ ഫലപ്രഖ്യാപനം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
Post Your Comments