KeralaLatest NewsNews

രാജ്യറാണി ഇനി മുതൽ നാഗർകോവിൽ വരെ! സർവീസുകൾ ദീർഘിപ്പിച്ച് റെയിൽവേ

കൊച്ചുവേളി-തിരുവനന്തപുരം-നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസായാണ് സർവീസ് നടത്തുക

തിരുവനന്തപുരം: യാത്രക്കാരുടെ സൗകര്യാർത്ഥം രാജ്യറാണി എക്സ്പ്രസിന്റെ സർവീസ് ദീർഘിപ്പിച്ച് ഇന്ത്യൻ റെയിൽവേ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, നാഗർകോവിൽ വരെയാണ് സർവീസ് നീട്ടിയിരിക്കുന്നത്. തിരുവനന്തപുരം ആർസിസിയിലേക്ക് പോകേണ്ടവർ ഉൾപ്പെടെയുള്ളവരെ പരിഗണിച്ചാണ് രാജ്യറാണി എക്സ്പ്രസിന്റെ സർവീസ് നീട്ടാൻ ധാരണയായത്. നേരത്തെ കൊച്ചുവേളി വരെയാണ് രാജ്യറാണി എക്സ്പ്രസ് സർവീസ് നടത്തിയിരുന്നത്.

നിലമ്പൂരിൽ നിന്നും രാജ്യറാണി എക്സ്പ്രസ് കൊച്ചുവേളിയിലെത്തിയാൽ പിന്നീട് തിരുവനന്തപുരം സെൻട്രലിലേക്കുള്ള കണക്ഷൻ ട്രെയിനായി സർവീസ് നടത്തുന്നതാണ്. കൊച്ചുവേളി-തിരുവനന്തപുരം-നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസായാണ് സർവീസ് നടത്തുക. തിരിച്ചുള്ള സർവീസ് നാഗർകോവിൽ നിന്നും ആരംഭിച്ച് തിരുവനന്തപുരം വഴി നിലമ്പൂരിൽ എത്തിച്ചേരും. നിലവിൽ, കൊച്ചുവേളിയിൽ നിന്നും നിലമ്പൂരിലേക്കുള്ള ട്രെയിനിന്റെ സമയക്രമം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

സമയക്രമം അറിയാം

നിലമ്പൂർ- കൊച്ചുവേളി- നാഗർകോവിലിലേക്കുള്ള ട്രെയിൻ രാത്രി നിലമ്പൂരിൽ നിന്നും പുറപ്പെട്ട് പുലർച്ചെ 5.30ന് കൊച്ചുവേളിയിൽ എത്തും. ഇവിടെ നിന്നും രാവിലെ 6.30 ന് നാഗർകോവിലിലേക്ക് പുറപ്പെടുന്ന ഈ ട്രെയിൻ 6.45ന് തിരുവനന്തപുരം സെൻട്രലിലും 8.55ന് നാഗർകോവിലിലും എത്തും.

നാഗർകോവിൽ- കൊച്ചുവേളി- നിലമ്പൂരിലേക്കുള്ള ട്രെയിൻ വൈകിട്ട് 6.20ന് നാഗർകോവിൽ നിന്നും പുറപ്പെടുകയും 7.55ന് തിരുവനന്തപുരം സെൻട്രലിൽ എത്തുകയും ചെയ്യുന്നു. 8.20നാണ് ഇത് കൊച്ചുവേളിയിൽ എത്തുന്നത്. ഇവിടെ നിന്നും 9 മണിക്ക് നിലമ്പൂരിലേക്കും ട്രെയിൻ പുറപ്പെടും.

shortlink

Post Your Comments


Back to top button