പയ്യോളി: ക്യാംപസുകളിൽ എസ്.എഫ്.ഐയുടെ ഗുണ്ടാവിളയാട്ടം തുടരുന്നു. കൊയിലാണ്ടി കൊല്ലം ആര്‍. ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ബിഎസ്സി കെമിസ്ട്രി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി സി ആര്‍ അമലിനാണ് എസ്.എഫ്.ഐയുടെ മർദ്ദനം ഉണ്ടായിരിക്കുന്നത്. സ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയാണ് അമലിനെ ക്രൂരമായി മർദ്ദിച്ചത്. ചോര വാർന്ന് അവശനിലയിലായ അമലിനെ സുഹൃത്തുക്കൾ ആശുപത്രിയിൽ ആക്കിയെങ്കിലും എസ്.എഫ്.ഐ നേതാക്കൾ ഇടപെട്ട് സംഭവം ബൈക്കപകടമാക്കി മാറ്റുകയായിരുന്നു. ഭയം കൊണ്ടാണ് താൻ ഇക്കാര്യം ഡോക്ടർമാരെ അറിയിക്കാതിരുന്നതെന്നും അമൽ വ്യക്തമാക്കുന്നുണ്ട്.
സംഭവത്തെ കുറിച്ച് അമൽ പറയുന്നതിങ്ങനെ:
വെള്ളിയാഴ്ച ഉച്ചഭക്ഷണം കഴിഞ്ഞപ്പോൾ കോളേജ് ചെയർമാൻ ആർ. അഭയ് കൃഷ്ണ ചിലകാര്യങ്ങൾ സംസാരിച്ചുതീർക്കാനുള്ളതിനാൽ പുറത്തേക്കുവരണമെന്ന് പറഞ്ഞു. അമലിന്റെ ക്ലാസിലെ വിദ്യാർഥികൂടിയാണ് ചെയർമാൻ. മൂന്നുകൂട്ടുകാരുമായി ചെയർമാനോടൊപ്പം അമൽ പോയി. എന്നാൽ, കോളേജിന് സമീപത്തുള്ള അടച്ചിട്ട വീട്ടുമുറ്റത്തേക്കാണ് കൊണ്ടുപോയത്. അമലിന്റെ കൂട്ടുകാരെ ചെയർമാൻ തിരിച്ചയച്ചു. അവിടെയെത്തിയപ്പോൾ കോളേജിലെയും സമീപത്തെ കോളേജിലെയും കൊയിലാണ്ടി ഏരിയാകമ്മിറ്റിയിലെയും എസ്.എഫ്.ഐ നേതാക്കളും പ്രവർത്തകരുമെല്ലാമായി 25-ഓളം പേർ നിൽക്കുന്നതാണ് കണ്ടത്. റാഗിങ്ങുമായി ബന്ധപ്പെട്ട് രണ്ടാഴ്ചമുമ്പ് കോളേജിൽ അടി നടന്നിരുന്നു. ഈ അടിയുടെ സൂത്രധാരൻ അമലാണെന്ന് പറഞ്ഞായിരുന്നുവത്രേ ആക്രമണം.
ചിലർ വിചാരണ നടത്തുന്നതിനിടയിൽ, എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയാണ് ക്രൂരമായി മർദിച്ചത്. മറ്റുള്ളവർ ചുറ്റും നോക്കിനിന്നു. മൂക്കിൽനിന്ന് ചോരവാർന്ന് അവശനായശേഷം മൂന്നുകൂട്ടുകാരുമൊത്ത് കൊയിലാണ്ടി ഗവ. താലൂക്കാശുപത്രിയിൽ പോയി. അവിടെ കൂട്ടുകാർ ഒ.പി. ടിക്കറ്റ് എടുക്കുന്നതിനിടയിൽ അക്രമസംഘത്തിലുണ്ടായിരുന്നവർ ഓടിയെത്തുകയും ഇടയ്ക്കുകയറി ബൈക്കപകടമാണെന്നു പറഞ്ഞ് ശീട്ടിൽ അങ്ങനെ എഴുതിക്കുകയുംചെയ്തു. മൂക്കിൽ പ്ലാസ്റ്ററിട്ടശേഷം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. മെഡിക്കൽ കോളേജിലെത്തിയപ്പോൾ അവിടെയും അഞ്ച് എസ്.എഫ്.ഐ. പ്രവർത്തകരെത്തി ഡോക്ടറെ തെറ്റായ കാര്യങ്ങൾ ധരിപ്പിച്ചു.
വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് വലിയ വേദന അനുഭവപ്പെട്ടത്. ഇതോടെയാണ് വീട്ടുകാരോട് നടന്ന സംഭവം പറഞ്ഞത്. ഉടൻ രാത്രിതന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പോയി എക്സ്‌റേയും മറ്റുപരിശോധനയും നടത്തി. രണ്ടാഴ്ചമുമ്പ് കോളേജിലുണ്ടായ അടിയുടെ പേരിൽ യൂണിറ്റ് സെക്രട്ടറി നൽകിയ പരാതിയിൽ തന്റെ പേരില്ലെന്ന് അമൽ പറഞ്ഞു. അടിയുണ്ടായ സ്ഥലത്ത് ക്യാമറയുമുണ്ട്. വ്യക്തിവിരോധം തീർക്കാൻ കെട്ടിച്ചമച്ചതാണ് ആരോപണം. ‘ആക്രമിച്ചതാണെന്ന വിവരം പുറത്തുപറഞ്ഞാൽ വലുതായി അനുഭവിക്കേണ്ടിവരു’മെന്ന് ഭീഷണിപ്പെടുത്തിയാണ് വിട്ടയച്ചതെന്നും അമൽ പറയുന്നു.
Post Your Comments