ബർത്ത് ഡേ പാർട്ടിക്കിടെ ഉണ്ടായ സംഘർഷത്തിൽ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ബിഹാറിലെ ദർഭംഗയിലാണ് ബർത്ത് ഡേ പാർട്ടിക്കിടെ ദാരുണമായ സംഭവം നടന്നത്. സുശീൽ സാഹ്നി എന്ന ഫോട്ടോഗ്രാഫറാണ് കൊല്ലപ്പെട്ടത്. ക്യാമറയുടെ ബാറ്ററിയിൽ ചാർജില്ലെന്ന് ആരോപിച്ച് രാകേഷ് സാഹ്നി എന്നയാളാണ് ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തിയത്. പ്രതി രാകേഷ് സാഹ്നി മകളുടെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങൾ എടുക്കാനാണ് സുശീലിനെ വിളിച്ചുവരുത്തിയത്. എന്നാൽ, ക്യാമറാമാന്റെ സേവനത്തിൽ കുടുംബം അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ക്യാമറയുടെ ബാറ്ററി ചാർജ് ചെയ്യാൻ വീട്ടിലേക്ക് മടങ്ങിയെത്തിയതായിരുന്നു സുശീൽ. ബർത്ത് ഡേ പാർട്ടിക്കിടെ കാണാതായപ്പോൾ രാകേഷ് സുശീലിനെ ഫോൺ മുഖാന്തരം ബന്ധപ്പെടുകയും, തിരികെ എത്താൻ ആവശ്യപ്പെടുകയുമായിരുന്നു. ബർത്ത് ഡേ പാർട്ടിയിൽ എത്തിയ സുശീലുമായി രാകേഷ് വാക്കേറ്റം ഉണ്ടായി. തുടർന്ന് നടന്ന തർക്കത്തിനിടെയാണ് സുശീലിന്റെ വായിൽ പിസ്റ്റൾ വെച്ച് വെടിയുതിർത്തത്. മരണം സ്ഥിരീകരിച്ചതോടെ സുശീലിനെ ദർഭംഗ ഡിഎംസിഎച്ച് ആശുപത്രിക്ക് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
കൊലപാതകത്തിന് പിന്നാലെ രാകേഷിന്റെ മുഴുവൻ കുടുംബവും ഒളിവിൽ പോയിരിക്കുകയാണ്. അനധികൃതമായി മദ്യവിൽപ്പന നടത്തിവരുന്ന ആളാണ് രാകേഷ് സാഹ്നി. പോലീസ് സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമാർട്ടം നടത്തിയ ശേഷം വീട്ടുകാർക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ദർഭംഗ എസ്.എസ്.പി ജഗുനാഥ് റെഡ്ഡി അറിയിച്ചു.
Post Your Comments