Latest NewsNewsIndia

ബെംഗളൂരു കഫേയിലെ സ്‌ഫോടനം, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്: 4 പേര്‍ കസ്റ്റഡിയില്‍

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനത്തില്‍ നാല് പേര്‍ കസ്റ്റഡിയില്‍. ധാര്‍വാഡ്, ഹുബ്ബള്ളി, ബെംഗളുരു സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറിയിച്ചു. മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം, സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. സ്‌ഫോടക വസ്തു ടൈമര്‍ ഉപയോഗിച്ച് നിയന്ത്രിച്ചെന്നാണ് സംശയം. ടൈമറിന്റെ ചില അവശിഷ്ടങ്ങള്‍ കഫേയില്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്ന് സൂചനയുണ്ട്.

Read Also: ഡീനിനെയും വാര്‍ഡനെയും സസ്‌പെന്‍ഡ് ചെയ്യാനുള്ള ഓര്‍ഡര്‍ തയ്യാറാക്കുമ്പോഴാണ് തന്നെ സസ്‌പെന്‍ഡ് ചെയ്തത്

പരിക്കേറ്റവരില്‍ നാല്‍പ്പത്തിയാറുകാരിയുടെ കര്‍ണപുടം തകര്‍ന്ന നിലയിലാണ്. അപകടനില തരണം ചെയ്‌തെങ്കിലും കേള്‍വിശക്തി നഷ്ടമായേക്കും.

അതേസമയം, തീവ്രവാദ ആക്രമണമാണ് നടന്നതെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിജയേന്ദ്ര വിമര്‍ശിച്ച് രംഗത്തെത്തി.

പത്ത് പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വൈറ്റ്ഫീല്‍ഡിനടുത്തുള്ള ബ്രൂക്ക് ഫീല്‍ഡിലുള്ള പ്രസിദ്ധമായ രാമേശ്വരം കഫേയില്‍ ഇന്നലെ ഉച്ചയ്ക്ക് 12.56-നാണ് സ്‌ഫോടനമുണ്ടായത്. നിരവധി ആളുകള്‍ വന്ന് പോകുന്ന ഉച്ചഭക്ഷണ നേരത്ത് കൈ കഴുകുന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നത്. രണ്ട് സ്ത്രീകളടക്കം മൂന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്കും ഭക്ഷണം കഴിക്കാനെത്തിയവര്‍ക്കും സ്‌ഫോടനത്തില്‍ പരിക്കേറ്റു.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് ആണിയും നട്ടും ബോള്‍ട്ടും കണ്ടെത്തിയതോടെ ഫൊറന്‍സിക്, ബോംബ് സ്‌ക്വാഡുകള്‍ എത്തി സ്ഥലത്ത് വിശദപരിശോധന നടത്തി. ഹോട്ടലിലെ സിസിടിവി പരിശോധിച്ചപ്പോള്‍ ഏതാണ്ട് 11.45 ഓടെ അജ്ഞാതനായ ഒരാള്‍ ഹോട്ടലില്‍ ഒരു ബാഗ് കൊണ്ടുവന്ന് ഉപേക്ഷിച്ച് പോയ ദൃശ്യം ലഭിച്ചു. ഇതിന് ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് സ്‌ഫോടനമുണ്ടാകുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button