ഫാസ്ടാഗ് കെവൈസി പ്രക്രിയ പൂർത്തീകരിക്കാൻ ഒരു മാസം കൂടി അവസരം, തീയതി വീണ്ടും നീട്ടി

ഫെബ്രുവരി 29-നകം ഫാസ്ടാഗിൽ കെവൈസി പൂർത്തിയാക്കണമെന്നാണ് അധികൃതർ നിർദേശിച്ചിരുന്നത്

ഫാസ്ടാഗ് കെവൈസി പ്രക്രിയ പൂർത്തീകരിക്കാൻ വീണ്ടും അവസരം. നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി ഒരു മാസം കൂടിയാണ് കാലാവധി നീട്ടി നൽകിയിരിക്കുന്നത്. പേടിഎം ഫാസ്ടാഗ് ഉപഭോക്താക്കളുടെ പ്രശ്നം കൂടി കണക്കിലെടുത്താണ് കാലാവധി നീട്ടിയിരിക്കുന്നതെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി. ഒന്നിലധികം വാഹനങ്ങൾക്ക് ഒരു ഫാസ്ടാഗ് ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കെവൈസി പ്രക്രിയകൾ ഉടൻ പൂർത്തീകരിക്കണമെന്ന് ദേശീയപാത അതോറിറ്റി നിർദ്ദേശം നൽകിയത്.

ഫെബ്രുവരി 29നകം ഫാസ്ടാഗിൽ കെവൈസി പൂർത്തിയാക്കണമെന്നാണ് അധികൃതർ നിർദേശിച്ചിരുന്നത്. എന്നാൽ, റിസർവ് ബാങ്കിന്റെ വിലക്കിനെ തുടർന്ന് പേടിഎം ഫാസ്ടാഗുകളിൽ മാർച്ച് 15-ന് ശേഷം റീചാർജ് ചെയ്യാൻ സാധിക്കുകയില്ല. 15 വരെയുള്ള ബാലൻസ് തീരും വരെ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാനാകും. പേടിഎമ്മിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ഫാസ്ടാഗ് ഉടമകൾ നിർബന്ധമായും മറ്റൊരു ബാങ്കിന്റെ ഫാസ്ടാഗ് എടുക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സമയപരിധി അവസാനിച്ച് കഴിഞ്ഞാൽ കെവൈസി ഇല്ലാത്ത ഫാസ്ടാഗുകൾ പ്രവർത്തനരഹിതമായി മാറും. ഇതിനോടൊപ്പം ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് എന്ന ചട്ടവും പ്രാബല്യത്തിൽ വരുന്നതാണ്.

Also Read: ഭർത്താവുമായി പിണങ്ങിക്കഴിയവെ ഗർഭിണിയായി, പ്രസവം കോഴിക്കോട് മെഡിക്കൽ കോളേജിൽ, കുഞ്ഞിനെ കൊന്നത് ബക്കറ്റിൽ മുക്കിക്കൊന്ന്

Share
Leave a Comment