ന്യൂഡല്‍ഹി: രാജസ്ഥാൻ സർക്കാരിന്റെ ‘രണ്ടുകുട്ടി നയ’ത്തിന് സുപ്രീംകോടതിയുടെ അംഗീകാരം. രണ്ട് കുട്ടികളില്‍ കൂടുതലുണ്ടെങ്കില്‍ സർക്കാർ ജോലിക്ക് അർഹതയില്ലെന്ന 1989ലെ നിയമത്തിനാണ് അംഗീകാരം ലഭിച്ചത്.
നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവേയായിരുന്നു സുപ്രീംകോടതിയുടെ തീരുമാനം. നിയമം വിവേചനപരമല്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിംസ് സൂര്യ കാന്ത്, ദിപാങ്കർ ദത്ത, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.
2022 ഒക്ടോബർ 12ന് പുറത്തുവന്ന രാജസ്ഥാൻ ഹൈക്കോടതി വിധിയെ ശരിവച്ച സുപ്രീംകോടതി മുൻ സൈനികനായ രാംജി ലാല്‍ സമർപ്പിച്ച ഹർജി തള്ളുകയും ചെയ്തു.
2017 ജനുവരിയില്‍ പ്രതിരോധ സേനയില്‍ നിന്ന് വിരമിച്ച രാംജി ലാല്‍, 2018 മെയ് മാസത്തില്‍ രാജസ്ഥാൻ പോലീസിന്റെ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍ 2002 ജൂണ്‍ ഒന്നിന് ശേഷം അദ്ദേഹത്തിന് രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടായതിനാല്‍ 1989ലെ രാജസ്ഥാൻ പോലീസ് സബോർഡിനേറ്റ് സർവീസ് റൂള്‍സ് പ്രകാരം അപേക്ഷ നിരസിക്കപ്പെട്ടു. ഈ സാഹചര്യത്തിലായിരുന്നു രാംജി ലാല്‍ സുപ്രീംകോടതിയെ സമീപിച്ചത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില ഹർജികള്‍ പരിഗണിച്ചപ്പോഴും സമാനമായ തീരുമാനമാണ് നേരത്തെ സ്വീകരിച്ചിട്ടുള്ളതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കുടുംബാസൂത്രണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണിതെന്നും കോടതി പറഞ്ഞു.
Post Your Comments