മലപ്പുറം: മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗ ബാധക്കെതിരെ മുന്നറിയിപ്പ് നൽകി ആരോഗ്യ വകുപ്പ്. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രോഗം ബാധിച്ച് ദിവസങ്ങൾക്കിടെ മലപ്പുറത്ത് രണ്ടു പേര് മരിച്ച സാഹചര്യത്തിലാണ് അധികൃതർ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
Read Also: പിഎം സൂര്യ ഘർ മുഫ്ത് ബിജിലി യോജന: സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിയിൽ ഇപ്പോൾ അപേക്ഷിക്കാം
രോഗബാധ കൂടുതലായും റിപ്പോർട്ട് ചെയ്തിരിക്കുന്നത് പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിൽ ആണ്. ഈ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് നിയന്ത്രണം കടുപ്പിക്കുകയാണ്. പോത്തുകല്ലും എടക്കരയിലും കൂൾബാറുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കുടിവെള്ളത്തിൽ അതീവ ശ്രദ്ധ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ജനങ്ങൾ ശുദ്ധമായ കുടിവെള്ളം മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നാണ് ഡിഎംഒ നൽകിയിരിക്കുന്ന നിർദ്ദേശം.
അതേസമയം, ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്നതിനെതിരെ മലപ്പുറം ജില്ലാ ഭരണകൂടം ഭക്ഷ്യ സുരക്ഷാ വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന ജനകീയ ക്യാംപയിൻ ‘നെല്ലിക്ക’ മാർച്ച് ഒന്നു മുതൽ ആരംഭിക്കും. ക്യംപയിന്റെ ഉദ്ഘാടനം മാർച്ച് ഒന്ന് രാവിലെ ഏഴ് മണിക്ക് കോട്ടക്കുന്നിൽ ജില്ലാ കളക്ടർ വി ആർ വിനോദ് നിർവഹിക്കും. നിലവിലുള്ള ഭക്ഷണ രീതികൾ തുടരുന്നതിനോടൊപ്പം തന്നെ ആരോഗ്യത്തിന് ഹാനീകരമാകുന്ന കൃത്രിമ നിറങ്ങൾ, അമിതമായ അളവിലുളള ഓയിൽ, ഉപ്പ്, പഞ്ചസാര എന്നിവ കുറവുളള ഭക്ഷണങ്ങൾ കൂടി സമാന്തരമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായാണ് ‘നെല്ലിക്ക’ ക്യാമ്പയിൻ ആരംഭിക്കുന്നത്.
സമൂഹത്തിലെ എല്ലാ തലങ്ങളിലുള്ളവരേയും ഒരു പോലെ ചേർത്തു നിർത്തിക്കൊണ്ട് ഭക്ഷണ നിർമാണ രീതിയിലും ഉപയോഗത്തിലും വലിയൊരു മാറ്റം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ക്യാംപയിൻ ഭക്ഷ്യ സുരക്ഷാ വകുപ്പ്, ആരോഗ്യ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ, ഐഎംഎ, കുടുംബശ്രീ, തദ്ദേശസ്ഥാപനങ്ങൾ, ഹോട്ടൽ ആന്റ് റസ്റ്റോറന്റ്‌സ് അസോസിയേഷൻ, ബേക്കേഴ്‌സ് അസോസിയേഷൻ, കേറ്ററേഴ്‌സ് അസോസിയേഷൻ, ട്രോമാകെയർ, റസിഡന്റ്‌സ് അസോസിയേഷൻ, യുവജന സന്നദ്ധ സംഘടനകൾ, സാമൂഹ്യ സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുക.
Post Your Comments