തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കുശേഷം ഒറ്റ ദിവസംകൊണ്ട് കോർപ്പറേഷൻ ജീവനക്കാർ ശേഖരിച്ചത് മൂന്നുലക്ഷത്തോളം ഇഷ്ടികകൾ. വിവിധ ഭവനപദ്ധതികളിൽ ഉൾപ്പെട്ടവർക്ക് ഭവനനിർമാണത്തിനായി ഇവ സൗജന്യമായി നൽകും. ഭവനനിർമാണ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് സൗജന്യ ഇഷ്ടികക്ക് അപേക്ഷ നൽകാം. അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർ, ആശ്രയ ഗുണഭോക്താക്കൾ, വിധവ, വികലാംഗർ, മാരകരോഗം ബാധിച്ചവർ, കിടപ്പുരോഗികൾ തുടങ്ങിയ ഭവനപദ്ധതികളിൽ ഉൾപ്പെട്ടവർക്കാണ് മുൻഗണന.
ഗുണഭോക്താക്കൾ രേഖകൾ സഹിതം (ആധാർ കോപ്പി, കെട്ടിടനിർമാണ അനുവാദപത്രം പകർപ്പ്) മാർച്ച് രണ്ടിനുള്ളിൽ മേയറുടെ ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ നമ്പർ: 9946353917. നിലവിൽ ജഗതിയിലെ കോർപ്പറേഷൻ മൈതാനത്താണ് ഇഷ്ടികകൾ സൂക്ഷിച്ചിരിക്കുന്നത്. ഇടറോഡുകളിലുള്ള കട്ടകൾ റോഡരികിലേക്കു മാറ്റി സൂക്ഷിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ രാത്രി ഇവ മൈതാനത്തേക്ക് മാറ്റും.200 ലോഡ് കട്ടകളാണ് ഞായറാഴ്ച രാത്രി ശേഖരിച്ചത്. തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയാണ് ആദ്യ ദിവസത്തെ ശുചീകരണം അവസാനിച്ചത്.
കഴിഞ്ഞ വർഷം പൊങ്കാല അടുപ്പിന്റെ കട്ടകളുപയോഗിച്ച് ലൈഫ് പദ്ധതിപ്രകാരമുള്ള 17 വീടുകളാണ് നിർമിച്ചത്. ഇത്തവണ മുപ്പതോളം വീടുകൾക്ക് ചുടുകട്ട നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുമ്പ് ഇടനിലക്കാർ പലരും കട്ടകൾ ശേഖരിച്ചുകൊണ്ടുപോകുന്നത് പതിവായിരുന്നു. കോർപ്പറേഷന്റെ കർശന ഇടപെടൽ വന്നതോടെ ഇതിന് കുറവുവന്നിട്ടുണ്ട്. കഴിഞ്ഞ തവണ ശേഖരിച്ച ചുടുകട്ട അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾവളപ്പിൽ കൂട്ടിയിട്ടിരുന്നത് വിവാദമായിരുന്നു.
360 ലോഡ് മാലിന്യവും നഗരത്തിൽനിന്ന് മാറ്റിയിട്ടുണ്ട്. ഇതിൽ 95 ശതമാനത്തോളം ജൈവ മാലിന്യങ്ങളായിരുന്നുവെന്ന് കോർപ്പറേഷൻ അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണം കഴിക്കാൻ പുനരുപയോഗിക്കാനാവാത്ത പ്ലേറ്റുകൾ ഉപയോഗിച്ചത് വളരെക്കുറച്ച് സ്ഥലങ്ങളിൽ മാത്രമായിരുന്നു.
ഭൂരിഭാഗം സ്ഥലങ്ങളിലും സ്റ്റീൽ പ്ലേറ്റുകൾ ഉപയോഗിച്ചത് അജൈവമാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ സഹായിച്ചു. എന്നാൽ, ഭൂരിഭാഗം സ്ഥലങ്ങളിലും കുടിവെള്ള വിതരണത്തിന് പേപ്പർ ഗ്ലാസുകൾ തന്നെയാണ് ഉപയോഗിച്ചത്. ശേഖരിച്ച മാലിന്യം നഗരത്തിലെ ആറിടങ്ങളിലായി മണ്ണിട്ടുമൂടുകയാണ് ചെയ്തത്. വലിയ ടിപ്പറുകളിൽ 47 ലോഡും സാധാരണ ടിപ്പറുകളിൽ 264 ഉം ചെറിയ പിക്കപ്പുകളിൽ 49 ലോഡു മാലിന്യവുമാണ് മാറ്റിയത്.
Post Your Comments