KeralaLatest NewsNews

കോൺഗ്രസ് മുഴുവൻ ശക്തിയും ഉപയോഗിച്ചത് ഒരു കുടുംബത്തെ അഭിവൃദ്ധിപ്പെടുത്താൻ മാത്രം: ആഞ്ഞടിച്ച് പ്രധാനമന്ത്രി

ഗാന്ധിനഗർ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കുടുംബത്തെ അഭിവൃദ്ധിപ്പെടുത്താൻ മാത്രമാണ് കോൺഗ്രസ് തങ്ങളുടെ മുഴുവൻ ശക്തിയും ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തിലിരുന്നപ്പോൾ ബജറ്റിലെ തുക വെട്ടിക്കാനും അഴിമതികൾ മറച്ചുവെക്കാനുമാണ് കോൺഗ്രസ് ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് വകയിരുത്തിയ ബജറ്റ് വിഹിതം അഴിമതിയിലൂടെ കോൺഗ്രസ് വെട്ടിച്ചു. ഇത് മറച്ചുവയ്ക്കാൻ അധികാരം ഉപയോഗിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദ്വാരകയിൽ 4,150 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

അഴിമതികൾ മറച്ചുവയ്ക്കുന്നതിനിടെ രാജ്യത്തിന്റെ വളർച്ച 11-ാം സ്ഥാനത്തെത്തിക്കാൻ മാത്രമേ കോൺഗ്രസിന് സാധിച്ചുള്ളു. അടിസ്ഥാനസൗകര്യ വികസനത്തിനുള്ള ബജറ്റിനെ അഴിമതികളിലൂടെ അവർ കൊള്ളയടിച്ചു. 2ജി അഴിമതി, കോമൺവെൽത്ത് അഴിമതി, ഹെലികോപ്റ്റർ അഴിമതി, അന്തർവാഹിനി കുംഭകോണം എന്നിവ കോൺഗ്രസ് നടത്തിയ അഴിമതികളിൽ ചിലതാണെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.

ദ്വാരകാധിഷ് ക്ഷേത്രത്തിലും പ്രധാനമന്ത്രി ദർശനം നടത്തിയിരുന്നു. ആഴക്കടലിലെ അതിമനോഹര ദൃശ്യങ്ങൾ ആസ്വദിച്ച അനുഭവങ്ങൾ പ്രധാനമന്ത്രി ജനങ്ങളുമായി പങ്കുവെയ്ക്കുകയും ചെയ്തു. സമുദ്രത്തിനിടയിലെ ദ്വാരക നഗരം ദർശിച്ചതിന്റെ അനുഭവമാണ് അദ്ദേഹം ജനങ്ങളുമായി പങ്കുവെച്ചത്. സ്‌കൂബാ ഡൈവിലൂടെയാണ് അദ്ദേഹം കടലിനടിയിലെ കാഴ്ച്ചകൾ ആസ്വദിച്ചത്. ദ്വാരകാധിഷ് ക്ഷേത്ര ദർശനം നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ സ്‌കൂബാ ഡൈവിംഗ്.

തന്നോടൊപ്പം ഇനിയെന്നെന്നും നിലനിൽക്കുന്ന നിമിഷങ്ങളാണ് ഇന്ന് അനുഭവിക്കാൻ കഴിഞ്ഞതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഴക്കടലിലേക്ക് പോയി പുരാതന ദ്വാരക നഗരത്തെ ദർശിക്കാൻ സാധിച്ചു. സമുദ്രത്തിനടിയിലുള്ള ദ്വാരക നഗരത്തെക്കുറിച്ച് പുരാവസ്തു ഗവേഷകർ നിരവധി വസ്തുതകൾ എഴുതിയിട്ടുണ്ട്. ലോകത്തിന്റെ നെറുകയോളം ഉയർന്നുനിൽക്കുന്ന വമ്പൻ കെട്ടിടങ്ങളും അതിമനോഹരമായ കവാടങ്ങളും നിറഞ്ഞതായിരുന്നു ദ്വാരക നഗരമെന്ന് നമ്മുടെ എഴുത്തുകാരും പറഞ്ഞിട്ടുണ്ട്. ഭഗവാൻ ശ്രീകൃഷ്ണൻ നിർമ്മിച്ച നഗരമാണിതെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button