
ഗാന്ധിനഗർ: ആഴക്കടലിലെ അതിമനോഹര ദൃശ്യങ്ങൾ ആസ്വദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ വൈറലാകുന്നു. പ്രധാനമന്ത്രി സ്‌കൂബാ ഡൈവ് ചെയ്യുന്ന ചിത്രങ്ങളാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഗുജറാത്തിലെ ദ്വാരക നഗരി സന്ദർശിക്കവെയാണ് അദ്ദേഹം സ്‌കൂബാ ഡൈവ് ചെയ്തത്. നാവികസേനയുടെ മുങ്ങൽ വിദഗ്ധരോടൊപ്പമാണ് പ്രധാനമന്ത്രി കടലിലിറങ്ങിയത്. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ദ്വാരക നഗരത്തിൽ പ്രാർത്ഥിച്ചത് വളരെ ദിവ്യമായ അനുഭവമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആത്മീയ മഹത്വത്തിന്റെയും ഭക്തിയുടെയും അതിരില്ലാത്ത ബന്ധമുണ്ടെന്ന് തോന്നി. ഭഗവാൻ ശ്രീകൃഷ്ണൻ എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. നാവികസേനാ ഉദ്യോഗസ്ഥരോടൊപ്പം കടലിൽ നിൽക്കുന്നതിന്റെയും സുരക്ഷാ ഉപകരണങ്ങൾ ധരിച്ച് കടലിൽ മുങ്ങുന്നതിന്റെയും ചിത്രങ്ങൾ അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഷെയർ ചെയ്തു.
ഇന്ത്യയിലെ ഏറ്റവും നീളമേറിയ കേബിൾ സ്റ്റേയ്ഡ് പാലമായ സുദർശൻ സേതുവിന്റെ ഉദ്ഘാടനം നിർവ്വഹിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദ്വാരകയിലെത്തിയത്. ഗുജറാത്തിലെ ഓഖ മെയിൻ ലാന്റിനെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്. പാലം നിർമ്മിച്ചിരിക്കുന്നത് നാലുവരി പാതയായാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി 2017-ൽ പാലത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചിരുന്നു. 980 കോടി രൂപയാണ് പാലത്തിന്റെ നിർമ്മാണ ചെലവ്. 2.32 കിലോമീറ്ററാണ് പാലത്തിന്റെ നീളം. ഓഖ-ബെയ്റ്റ് ദ്വാരക സിഗ്നേച്ചർ ബ്രിഡ്ജ് എന്നും ഈ പാലം അറിയപ്പെടുന്നു. ഭഗവദ്ഗീതയിലെ ശ്ലോകങ്ങളും ശ്രീകൃഷ്ണന്റെ ചിത്രങ്ങളും കൊണ്ടാണ് പാലത്തിലെ നടപ്പാത അലങ്കരിച്ചിരിക്കുന്നത്.
ശ്രീകൃഷ്ണന്റെ പ്രശസ്തമായ ദ്വാരകാധീഷ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദ്വാരക പട്ടണത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ഓഖ തുറമുഖത്തിനടുത്തുള്ള ഒരു ദ്വീപാണ് ബെയ്റ്റ് ദ്വാരക എന്നത്. പകൽസമയത്തുള്ള ബോട്ട് ഗതാഗതമായിരുന്നു ഇവിടേക്കുള്ള ഏക സഞ്ചാര സാധ്യത. സുദർശൻ സേതു പാലം തുറന്നു നൽകുന്നതോടെ ക്ഷേത്രത്തിലെത്തുന്ന തീർത്ഥാടകർക്കും പ്രദേശവാസികൾക്കും അത് ഏറെ ഗുണം ചെയ്യും.
Post Your Comments