ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തീയതി സംബന്ധിച്ച വ്യാജ സന്ദേശമാണ് വാട്സ്ആപ്പ് അടക്കമുള്ള പ്ലാറ്റ്ഫോമുകൾ മുഖാന്തരം പ്രചരിക്കുന്നത്. ഔദ്യോഗിക എക്സ് അക്കൗണ്ടിൽ വ്യാജ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് ഇലക്ഷൻ കമ്മീഷൻ പങ്കുവെച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് തീയതിയുമായി ബന്ധപ്പെട്ട് ഇതുവരെ പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ല.
ഔദ്യോഗിക തീയതി പ്രഖ്യാപിക്കുന്നത് വാർത്താസമ്മേളനത്തിലൂടെയാണ്. അതിനാൽ, വാട്സ്ആപ്പ് മുഖാന്തരം പ്രചരിക്കുന്ന ഇത്തരം സന്ദേശങ്ങൾ വ്യാജമാണെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. നിലവിൽ, ഇലക്ഷൻ കമ്മീഷൻ വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ വിലയിരുത്തുന്നുണ്ട്. ഇത് മാർച്ച് 13-നകം പൂർത്തിയാകും. 3 വർഷം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെയും സ്വന്തം ജില്ലയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാൻ സംസ്ഥാന സർക്കാറുകൾക്ക് ഇതിനോടകം തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ചട്ടം അനുസരിച്ചാണ് സ്ഥലംമാറ്റം നടക്കാറുള്ളത്.
Leave a Comment