കോഴിക്കോട്: സിപിഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു പി വി സത്യനാഥന്‍ കൊലപാതകത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് പൊലീസ്. പ്രതി അഭിലാഷിന്റെ അറസ്റ്റ് വൈകിട്ടോടെയെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്ന് തെളിവെടുപ്പുണ്ടാകില്ല. സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണോ കൊലപാതകം നടത്തിയത് എന്ന് വ്യക്തതയായിട്ടില്ല.
സംഭവസ്ഥലത്ത് വിശദമായ അന്വേഷണം നടത്തും. കൃത്യത്തില്‍ അഭിലാഷിന് മാത്രമാണ് പങ്കുള്ളതെന്നും പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് സത്യനാഥന്‍ കൊല്ലപ്പെട്ടത്. പ്രതി അഭിലാഷ് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. ഇതിനെ സത്യനാഥന്‍ പലവട്ടം ചോദ്യം ചെയ്തതാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. അഭിലാഷിന്റെ ലഹരി ഉപയോഗത്തെ സത്യനാഥന്‍ എതിര്‍ത്തിരുന്നു. ഇക്കാര്യത്തില്‍ ഇരുവരും തമ്മില്‍ പലതവണ സംസാരമുണ്ടായതായും സൂചനയുണ്ട്.
ഇരുവരുടെയും വീടുകള്‍ അടുത്തടുത്താണ്. അഭിലാഷ് ലഹരി മാഫിയയില്‍ ഉള്‍പെട്ടയാളാണ് എന്നാണ് വിവരം. ഇയാളുടെയും സംഘത്തിന്റെയും ലഹരി ഉപയോഗം സത്യന്‍ നിരന്തരം ചോദ്യം ചെയ്തത് അഭിലാഷിനെ ചൊടിപ്പിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിലവിലെ നിഗമനം. രണ്ട് വര്‍ഷം മുന്‍പ് അഭിലാഷ് സത്യന്റെ വീട് ആക്രമിച്ചിരുന്നതായും വിവരമുണ്ട്. 2015-ലാണ് അഭിലാഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിലുള്ള എതിര്‍പ്പും അഭിലാഷിനുണ്ടായിരുന്നു. സിപിഎം കൊയിലാണ്ടി ടൗണ്‍ സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് പി വി സത്യനാഥന്‍.
കൊയിലാണ്ടി പെരുവട്ടൂര്‍ ചെറിയപുറം ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു കൊലപാതകം. ഗാനമേള നടക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചായിരുന്നു ആക്രമണം. നാലിലേറെ വെട്ടേറ്റിരുന്നു. കഴുത്തിലും മുതുകിലും ആഴത്തില്‍ മുറിവേറ്റിരുന്നു. സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments