ചെറു സമ്പാദ്യ പദ്ധതികളിലെ മിനിമം ബാലൻസിനെ കുറിച്ച് അറിയിപ്പ് നൽകി കേന്ദ്രസർക്കാർ. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന, നാഷണൽ പെൻഷൻ സ്കീം എന്നീ പദ്ധതികളിലെ അക്കൗണ്ടുകളിൽ എല്ലാ സാമ്പത്തിക വർഷവും നിർബന്ധമായും മിനിമം ബാലൻസ് സൂക്ഷിക്കേണ്ടതാണ്. അക്കൗണ്ടുകൾ സജീവമായി സൂക്ഷിക്കാൻ മിനിമം ബാലൻസ് അനിവാര്യമാണ്. നിയമലംഘനം ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുകയോ, പിഴ ചുമത്തുകയോ ചെയ്യും.
നടപ്പു സാമ്പത്തിക വർഷം ചെറു സമ്പാദ്യ പദ്ധതികളിൽ മിനിമം നിക്ഷേപം നടത്താനുള്ള അവസാന തീയതി മാർച്ച് 31 വരെയാണ്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിൽ ഏറ്റവും കുറഞ്ഞത് 500 രൂപ നിക്ഷേപിക്കണം. ഈ മിനിമം തുക അക്കൗണ്ടിൽ സൂക്ഷിച്ചില്ലെങ്കിൽ അക്കൗണ്ട് പ്രവർത്തനരഹിതമാകുന്നതാണ്. അക്കൗണ്ടുകൾ നിഷ്ക്രിയമാകുന്ന പക്ഷം വായ്പയെടുക്കാനോ, പണം പിൻവലിക്കാനോ സാധിക്കുകയില്ല. നിക്ഷേപിച്ച് മൂന്നാം വർഷം മുതൽ വായ്പ സൗകര്യം നൽകുന്ന ചെറു സമ്പാദ്യ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. സുകന്യ സമൃദ്ധി യോജനയിൽ 250 രൂപയാണ് മിനിമം ബാലൻസായി സൂക്ഷിക്കേണ്ടത്. പെൺമക്കളുടെ ഉന്നത വിദ്യാഭ്യാസം, വിദേശ പഠനം, വിവാഹം എന്നിവയ്ക്കായി വലിയൊരു തുക ഭാവിയിലേക്ക് കരുതിവെക്കാൻ ആഗ്രഹിക്കുന്നവർക്കുളള മികച്ച പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന.
Leave a Comment