തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നു. ചൂട് കടുത്തതോടെ ഇന്ന് 8 ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊല്ലം, പാലക്കാട്, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ്. ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കും.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പുനലൂരാണ്. 37.8 ഡിഗ്രി സെൽഷ്യസ് വരെയാണ് പുനലൂരിലെ താപനില ഉയർന്നത്. ചൂട് കൂടുന്നതിനിടെ നേരിയ ആശ്വാസമെന്ന നിലയിൽ തൃശ്ശൂർ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില മേഖലകളിൽ ഇന്നലെ ഉച്ചയോടെ മഴ ലഭിച്ചിരുന്നു. മധ്യ-തെക്കൻ ജില്ലകളിൽ ഇന്നും മഴ ലഭിക്കാൻ സാധ്യതയുണ്ട്. ചൂട് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. കൂടാതെ, നിർജലീകരണം തടയാൻ ആവശ്യമായ വെള്ളവും കുടിക്കണം.
Also Read: പുഷ്പന്‍റെ പരാതിയില്‍ കെഎസ്‌യു നേതാവ് അലോഷ്യസ് സേവ്യറിനെതിരെ കേസ്
Post Your Comments