കണ്ണൂർ: പുഷ്പന്‍റെ പരാതിയില്‍ കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിനെതിരെ കേസ്. സാമൂഹിക മാധ്യമങ്ങളില്‍ ഫോട്ടോ എഡിറ്റ് ചെയ്ത് വ്യാജ വാർത്ത പ്രചരിപ്പിച്ചെന്നാണ് പരാതി. തുടർന്ന്, ചൊക്ലി പോലീസാണ് അലോഷ്യസിനെതിരെ കലാപാഹ്വാനത്തിനു കേസെടുത്തത്.
സ്വകാര്യ സർവകലാശാല വിഷയത്തില്‍ സിപിഎം നയം മാറ്റത്തെ വിമർശിച്ച് അലോഷ്യസ് ഈ മാസം ആറിന് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് എതിരെയാണ് പുഷ്പൻ പരാതി നല്‍കിയത്.
ഐപിസി 153ന് പുറമെ കേരള പോലീസ് ആക്ടിലെ 120(o) വകുപ്പും ചുമത്തിയിട്ടുണ്ട്. കൂത്തുപറമ്പ് വെടിവയ്പില്‍ പരിക്കേറ്റ് കിടപ്പിലാണ് പുഷ്പൻ.
അലോഷ്യസ് സേവ്യറിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഉരുണ്ട ഭൂമിയിലിങ്ങനെ ഉരുണ്ടുകളിക്കുന്ന
ഇടതുപക്ഷമേ നമിക്കുന്നു നിങ്ങളെ….
സാശ്രയ-സ്വകാര്യ- സ്വയംഭരണ സമ്പ്രദായങ്ങളെ പാടെ ചവച്ചുതുപ്പിയ നിങ്ങളുടെ വാക്കും കേട്ട് ടി പി ശ്രീനിവാസന്റെ മുഖത്തടിച്ച എസ് എഫ് ഐ യെ കൊണ്ട് മാന്യത ഉണ്ടെങ്കിൽ മാപ്പ് പറയിപ്പിക്കാൻ സി പി ഐ എം തയ്യാറാവണം.
2016 ജനുവരി 30 , അന്നത്തെ സി പി ഐ എം സംസ്ഥാന സെക്രട്ടറി നടത്തിയ ഒരു വാർത്ത സമ്മേളനം ഉണ്ട് . ഉന്നത വിദ്യാഭ്യാസ കൗൺസിൽ അംഗമായ ടി പി ശ്രീനിവാസനെ എസ് എഫ് ഐക്കാർ വളഞ്ഞിട്ട് ആക്രമിച്ചതിനെ തള്ളാതെ സി പി ഐ എം സെക്രട്ടറി ആയിരുന്ന പിണറായി വിജയൻ പറഞ്ഞ വാക്കുകൾ ഇന്ന് തങ്കലിപിയിൽ എഴുതി വയ്ക്കണം . വാക്കുകൾ ഇപ്രകാരം ആണ് “ഉന്നതവിദ്യാഭ്യാസ മേഖലയെ സ്വകാര്യവൽക്കരിയ്ക്കാൻ ആണ് ടി പി ശ്രീനിവാസനെ ഉപയോഗിച്ച് ശ്രമിയ്ക്കുന്നത് . നമ്മുടെ നാടിന് ചേരാത്തതാണ് അക്കാദമിക് സിറ്റി എന്ന സങ്കല്പം . വിദേശ സ്ഥാപനങ്ങളുടെ ഏജന്റുമാരായി മാറേണ്ടതില്ല” . എന്ത് പറ്റി ഇപ്പോൾ സഖാവെ. കുട്ടി സഖാക്കന്മാർക്കും ഇപ്പൊ പ്രതിഷേധിയ്‌ക്കേണ്ടല്ലോ . നിങ്ങളുടെ നാണം കെട്ട ഇരട്ടത്താപ്പ് കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ട്.
രാഷ്ട്രീയ നാടകങ്ങൾക്കായ് നിങ്ങൾ രക്തസാക്ഷികളാക്കിതീർത്തവരോടും, ജീവിക്കുന്ന രക്തസാക്ഷിയോടും നിങ്ങൾ കാണിച്ച നീതികേട് കാലം ഓർത്തിരിക്കും.
പുഷ്പനെ അറിയാമോ?
ഞങ്ങടെ പുഷ്പനെ അറിയാമോ?
ആ വരികൾ വലിയ ചോദ്യത്തിലേക്കാണ് ഇടതുപക്ഷത്തെ നയിക്കുന്നത്. പുഷ്പനെ അറിയില്ലെങ്കിൽ അറിയാൻ ശ്രമിക്കുക. പുഷ്പന് എഴുനേറ്റ് നിൽക്കാൻ സാധിക്കുന്ന ഒരു കാലം വരുമെങ്കിൽ ആദ്യം ആ മനുഷ്യൻ ചെയ്യുക നിങ്ങടെ കവിളിൽ നോക്കി ആഞ്ഞൊരു അടി തരിക തന്നെയാവും.
~അലോഷ്യസ് സേവ്യർ
KSU സംസ്ഥാന പ്രസിഡന്റ്
Post Your Comments