സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇന്ന് രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. മുഴുവൻ പോളിംഗ് ബൂത്തുകളിലും വോട്ടെടുപ്പിന് ആവശ്യമായ സജ്ജീകരണങ്ങൾ പൂർത്തിയായിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചിരുന്നു. 10 ജില്ലകളിലായി ഒരു കോർപ്പറേഷൻ വാർഡിലും, 4 മുൻസിപ്പാലിറ്റി വാർഡുകളിലും, 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മുഴുവൻ വാർഡുകളിലുമായി 88 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 23 വാർഡുകളിലെ അന്തിമ വോട്ടർ പട്ടികയിൽ 32,512 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 15,298 പേർ പുരുഷന്മാരും, 17,214 സ്ത്രീകളുമാണ്. വോട്ടെടുപ്പിനായി 41 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. പ്രശ്നബാധിത ബൂത്തുകളിൽ പ്രത്യേക പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 23 വെള്ളിയാഴ്ച രാവിലെ 10 മണി മുതലാണ് വോട്ടെണ്ണൽ നടക്കുക. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ വോട്ടെണ്ണൽ ഫലം ലഭ്യമാകും.
Also Read: കരാട്ടെ പഠിപ്പിക്കുന്നതിനിടെ ലൈംഗിക ചൂഷണം, കൊലപാതകമെന്ന് ആരോപണം, അധ്യാപകൻ കസ്റ്റഡിയിൽ
Post Your Comments