ന്യൂഡല്‍ഹി: എക്‌സൈസ് മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ്. ഫെബ്രുവരി 26ന് ഹാജരാകാനാണ് നിര്‍ദേശം. ഇത് ഏഴാം തവണയാണ് ഇഡി സമന്‍സ് അയയ്ക്കുന്നത്. സമന്‍സ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി മേധാവി കേന്ദ്ര ഏജന്‍സിക്ക് മുന്നില്‍ ഹാജരായിരുന്നില്ല.
വിഷയം കോടതിയുടെ പരിഗണനയിലാണ്. തീരുമാനമാകുന്നതുവരെ അന്വേഷണ ഏജന്‍സി കാത്തിരിക്കണമെന്നും കെജ്രിവാള്‍ കഴിഞ്ഞ സമന്‍സിനോട് പ്രതികരിച്ചിരുന്നു. ‘എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെയാണ് കോടതിയെ സമീപിച്ചത്. വീണ്ടും വീണ്ടും സമന്‍സ് അയയ്ക്കുന്നതിന് പകരം ഇഡി കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് വേണ്ടത്’-കെജ്രിവാള്‍ പറഞ്ഞു.
സമന്‍സ് അവഗണിക്കുകയാണെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി കെജ്രിവാളിനെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സി ഡല്‍ഹി കോടതിയെ സമീപിച്ചിരുന്നു. ഫെബ്രുവരി 14, ഫെബ്രുവരി 2, ജനുവരി 18, ജനുവരി 3, ഡിസംബര്‍ 22, നവംബര്‍ 2 എന്നീ തിയതികളിലാണ് അന്വേഷണ ഏജന്‍സി നേരത്തെ അഞ്ച് സമന്‍സുകള്‍ അയച്ചത്.
Post Your Comments