തിരുവന്തപുരം നഗരത്തിന്റെ മുഖമുദ്രകളിലൊന്നു കൂടിയായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ഇനി വെറും മൂന്ന് നാൾ മാത്രം. ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് അന്നേ ദിവസം പൊങ്കാല അർപ്പിക്കാൻ തലസ്ഥാനത്ത് എത്തുന്നത്. കേരളത്തിനു പുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമൊക്കെ നിരവധി പേർ ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കുന്നതിനായി ദിവസങ്ങൾക്ക് മുൻപേ തിരുവനന്തപുരത്തേക്ക് എത്തിച്ചേരാറുണ്ട്. ഈ ദിവസങ്ങളിൽ താമസസൗകര്യം ഒരു വലിയ വെല്ലുവിളി തന്നെയാണ്.
സാമ്പത്തികം പ്രശ്നമല്ലാത്തവർക്ക് നിരവധി ഹോട്ടലുകൾ തിരുവനന്തപുരം നഗരത്തിനുള്ളിലും സമീപ പ്രദേശങ്ങളിലുമായി ലഭ്യമാണ്. നേരത്തെ ബുക്ക് ചെയ്താൽ, താരതമ്യേന ചുരുങ്ങിയ ചെലവിൽ തിരുവനന്തപുരത്ത് തങ്ങുന്നതിനായി സർക്കാർ തലത്തിലുള്ള സൗകര്യങ്ങളും നഗരത്തിൽ ലഭ്യമാണ്. പ്രധാനപ്പെട്ട ചില താമസ സൗകര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം:
ഷീ ലോഡ്ജ് : തിരുവനന്തപുരം കോർപറേഷന്റെ സംരംഭം, റെയിൽവേ സ്റ്റേഷന് സമീപം, ശ്രീകണ്ഠേശ്വരം. കുടുംബശ്രീ മിഷന്റെ വെബ്സൈറ്റ് മുഖേന ബുക്ക് ചെയ്യാം. ദിവസ വാടക 250 രൂപ.
എന്റെ കൂട് : വനിത ശിശു വികസന വകുപ്പിന്റെ സംരംഭം, തമ്പാനൂർ കെഎസ്ആർടിസി കെട്ടിടത്തിന്റെ എട്ടാം നിലയിൽ പ്രവർത്തിക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള രാത്രികാല അഭയകേന്ദ്രം. ഒരേസമയം 50 പേർക്കുവരെ വിശ്രമ സൗകര്യം. ശീതികരിച്ച മുറികൾ. താമസം സൗജന്യമാണ്.
വൺഡേ ഹോം : വനിത ശിശു വികസന വകുപ്പിന്റെ സംരംഭം, തമ്പാനൂർ കെഎസ്ആർടിസി കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ഏകദിന വസതി. ഡോർമിറ്ററി – 150 രൂപ. ക്യൂബിക്കിൾ – 250 രൂപ
കേരള പോലീസിന്റെ കീഴിലുള്ള ലോഡ്ജ് : പാളയത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ പ്രവർത്തിക്കുന്നു. ശീതീകരിച്ച ഡോര്‍മിറ്ററി സൗകര്യം. പല മുറികളിലായി 84 ബെഡുകൾ. ഒരു ദിവസത്തേക്ക് ഒരു ബെഡിന് 250 രൂപയാണ് നിരക്ക്.
സർക്കാർ അതിഥി മന്ദിരം
ഗസ്റ്റ് ഹൗസ്, തൈക്കാട് : സിംഗിൾ എസി റൂമിന്റെ വാടക 700 രൂപ; ബന്ധപ്പെടാനുള്ള ഫോൺ നമ്പർ – 04712324561/2324259
Post Your Comments