KeralaLatest News

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ കൂട്ടയടി: വനിതാ കൗൺസിലറുടെ കൈ തല്ലിയൊടിച്ചു

കൊല്ലം: ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ കൊല്ലം കോർപ്പറേഷനിലെ വനിതാ കൗൺസിലറുടെ കൈ തല്ലിയൊടിച്ചു. നീരാവിൽ ഡിവിഷനിലെ കൗൺസിലറും സിപിഎം നേതാവുമായ എൽ.സിന്ധുറാണിക്കാണ് പരിക്കേറ്റത്. ബിജെപി – ആർ എസ് എസ് പ്രവർത്തകരാണ് തന്നെ ആക്രമിച്ചതെന്നാണ് സിന്ധുറാണിയുടെ ആരോപണം. തൃക്കടവൂർ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സിന്ധുറാണിയെ ഒരു സംഘം ആളുകൾ ആക്രമിച്ചത്. സിന്ധുറാണിയുടെ വലതുകയ്യുടെ എല്ലിന് പൊട്ടലുണ്ട്. നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് സിന്ധുറാണി.

തൃക്കടവൂർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള ഗാനമേളയ്ക്കിടെ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. സിന്ധുറാണിയുടെ ഭർത്താവും സി.പി.എം. പ്രവർത്തകനുമായ പ്രസാദുമായി ക്ഷേത്രമൈതാനത്തുവെച്ച് ചിലർ തർക്കത്തിലായതാണ് സംഘർഷത്തിന്റെ തുടക്കം. പ്രസാദിനെ ആൾക്കൂട്ടം വളയുന്നതു തടയാൻ ശ്രമിച്ച സിന്ധുറാണിക്കുനേരേ ഇവർ തിരിയുകയായിരുന്നു.

തന്നെയും ഭർത്താവിനെയും ആക്രമിച്ചത് ആർ.എസ്.എസ്.-ബി.ജെ.പി. പ്രവർത്തകരാണെന്നാണ് സിന്ധുറാണി പോലീസിനു നൽകിയ മൊഴി. രണ്ടുപേരുടെ പേരും ഇവർ പോലീസിനു കൈമാറിയിട്ടുണ്ട്. ഉത്സവവുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്കുമുമ്പ് പ്രദേശത്തെ സി.പി.എം.-ബി.ജെ.പി. പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. ക്ഷേത്രപരിസരത്ത്‌ രാഷ്ട്രീയസംഘടനകളുടെ കൊടികൾ സ്ഥാപിക്കുന്നതും സന്നദ്ധസേവകർ കുടിവെള്ളം വിതരണം ചെയ്യുന്നതും സംബന്ധിച്ച വാക്കുതർക്കമാണ് സംഘർഷത്തിലേക്കു നീങ്ങിയത്. തുടർന്ന് നടന്ന സർവകക്ഷിയോഗത്തിൽ വിഷയം രമ്യമായി പരിഹരിക്കാമെന്ന്‌ ഏവരും ഉറപ്പുനൽകിയിരുന്നതാണ്.

വർഷങ്ങൾക്കുമുമ്പ് പ്രദേശത്ത് നടന്ന ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ട തർക്കങ്ങളും ഉത്സവത്തിനിടയിലെ സംഘർഷവുമാണ് ശനിയാഴ്ച നടന്ന കൈയാങ്കളിയിലേക്കു നയിച്ചതെന്ന്‌ സൂചനകളുണ്ട്. ഈ കൊലപാതക്കേസിലെ പ്രതികൾ പരോളിൽ ഇറങ്ങിയ സമയത്തുതന്നെ സംഘർഷം നടന്നത്‌ ഈ സംശയം വർധിപ്പിക്കുന്നതായി സി.പി.എം. കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു.

വനിതാ ജനപ്രതിനിധിക്കുനേരേയുള്ള ഈ ആക്രമണത്തെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. ക്രിമിനലുകളാണ് ഇതിനുപിന്നിൽ. സംഭവത്തിൽ വേണ്ട നിയമനടപടികൾ സ്വീകരിക്കും-മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button