മാരകമായ അസുഖങ്ങൾക്ക് വരെ കാരണമാകുന്ന പഞ്ഞി മിഠായിക്ക് നിരോധനം ഏർപ്പെടുത്തി തമിഴ്നാട്. വിൽപ്പന നിരോധിച്ചതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. പഞ്ഞി മിഠായിയെ ഏറെ ആകർഷകമാക്കാൻ ലെതറിനും തുണിക്കും നിറം പകരാൻ ഉപയോഗിക്കുന്ന റോഡാമൈൻ ബി എന്ന രാസവസ്തു ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ക്യാൻസറിന് വരെ കാരണമായേക്കാവുന്ന ഈ രാസവസ്തുവിന്റെ സാന്നിധ്യത്തെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
സാധാരണയായി ബീച്ച്, പാർക്ക് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പഞ്ഞി മിഠായി വിതരണ സംഘം ഉള്ളത്. അതുകൊണ്ടുതന്നെ ഇതിന്റെ ഉപഭോക്താക്കൾ കൂടുതലും കുട്ടികളും യുവജനങ്ങളുമാണ്. ഇതിനു മുൻപ് പുതുച്ചേരിയിൽ പഞ്ഞി മിഠായിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാടിന്റെ തീരുമാനവും. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ മിഠായിയുടെ സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന റോഡാമൈൻ ബിയുടെ സാന്നിധ്യം കണ്ടെത്തിയത്.
Also Read: വായു ശക്തി 2024: ആകാശം കീഴടക്കി ഇന്ത്യൻ വ്യോമസേന
ഭക്ഷണങ്ങൾക്ക് നിറം പകരാൻ റോഡാമൈൻ ബി ഉപയോഗിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും, നിയമലംഘനം നടന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്കും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.സുബ്രഹ്മണ്യൻ അറിയിച്ചു.
Post Your Comments