KeralaLatest NewsNews

മൂന്നാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് മൂന്നുപേർ: വയനാടിനെ വിറപ്പിച്ച് കാട്ടാന, പുൽപ്പള്ളിയിൽ` നാട്ടുകാരുടെ പ്രതിഷേധം

പുൽപ്പള്ളി: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ പോള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പുല്‍പ്പള്ളിയില്‍ പ്രതിഷേധം കനക്കുന്നു. കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളി ടൗണിൽ പൊതുദര്‍ശനത്തിന് വച്ചാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. വനംവകുപ്പിന്റെ വാഹനം പ്രതിഷേധക്കാര്‍ തകര്‍ത്തു. ജീപ്പിന്റെ കാറ്റഴിച്ചുവിട്ടും വാഹനം തല്ലിപ്പൊളിച്ചും നാട്ടുകാര്‍ പ്രതിഷേധിക്കുന്നു.

ജില്ലയിലെ തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി, നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചാലേ മൃതദേഹം ഏറ്റുവാങ്ങൂ എന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും നിലപാട്. വെള്ളിയാഴ്ച രാവിലെയാണ് പോളിനെ കാട്ടാന ആക്രമിച്ചത്. ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും പോളിന്റെ ജീവന്‍ രക്ഷിക്കാനായില്ല. എല്‍ഡിഎഫും, യുഡിഎഫും ബിജെപിയും സംയുക്തമായാണ് ഹര്‍ത്താല്‍ നടത്തുന്നത്.

വയനാട് കുറുവാദ്വീപിൽ കാട്ടാന ആക്രമണത്തിൽ വെള്ളച്ചാലിൽ പോൾ (50) മരിച്ച സംഭവത്തിന് പിന്നാലെയാണ് രാഷ്ട്രീയ പാർട്ടികൾ ഹർത്താലിന് ആഹ്വാനം ചെയ്തത്. കാട്ടാന ആക്രമണത്തിൽ അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപിയുടെ ഹർത്താൽ. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

കഴിഞ്ഞ ദിവസം രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തിൽ പോളിന്റെ വാരിയെല്ലിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റത്. ആന്തരിക രക്തസ്രാവമാണ് പോളിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ഇന്നലെ വൈകീട്ട് 3.25നാണ് പോളിന്റെ മരണം സ്ഥിരീകരിച്ചത്. വനംവകുപ്പിലെ താത്ക്കാലിക ജീവനക്കാരനായിരുന്നു പോൾ. അഞ്ച് ദിവസമായി കുറുവാദ്വീപിൽ സഞ്ചാരികളെ പ്രവേശിപ്പിച്ചിരുന്നില്ല. കുറുവാദ്വീപിലെത്തുന്ന സഞ്ചാരികളെ തിരിച്ചുവിടാനാണ് പോൾ രാവിലെ സംഭവസ്ഥലത്തെത്തിയത്. ഇതിനിടെ കാട്ടാന എത്തുകയും പോളിനെ ചവിട്ടിവീഴ്ത്തുകയുമായിരുന്നു.

പോളിന്റെ മരണത്തോടെ ഈ വർഷം വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി ഉയർന്നു. ഫെബ്രുവരി പത്തിന് മാനന്തവാടി പടമല സ്വദേശി അജീഷ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അജീഷിനെ ആക്രമിച്ച ബേലൂർ മഖ്നയെ ഇതുവരെയും പിടികൂടാനായിട്ടില്ല. ഇതിനിടെയാണ് വീണ്ടും കാട്ടാന ആക്രമണത്തിൽ മറ്റൊരാൾ കൂടി കൊല്ലപ്പെട്ട അതിദാരുണ സംഭവം ഉണ്ടായത്. ജനുവരി 30ന് തോൽപ്പെട്ടി സ്വദേശി ലക്ഷ്മണൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button