രണ്ട് യുവാക്കൾ റെയിൽവേ സ്റ്റേഷനിലെത്തുമെന്ന് രഹസ്യവിവരം, ഗോവയിൽ 6 കോടിയുടെ തിമിംഗല ഛർദ്ദിയുമായി മലയാളി യുവാക്കൾ പിടിയിൽ

മഡ്ഗാവ്: ഗോവയിൽ രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് എത്തിയ പോലീസ് ആറു കോടിയോളം വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി രണ്ടു മലയാളി യുവാക്കളെ പിടികൂടി. കേരളത്തിലേക്ക് ട്രെയിൻ കാത്തു നിന്ന അരുൺ രാജൻ, നിബിൻ വർഗീസ് എന്നിവരാണ് പിടിയിലായത്. 164 കിലോഗ്രാം ആംബർഗ്രീസ് കൊങ്കൺ പോലീസ് ഇവരിൽ നിന്ന് പിടികൂടി. കൊങ്കൺ പോലീസും റെയിൽവേ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മലയാളി യുവാക്കൾ കുടുങ്ങിയത്.

25നും 30നും ഇടയിൽ പ്രായമുള്ള രണ്ട് യുവാക്കൾ ആംബർഗ്രീസുമായി റെയിൽവേ സ്റ്റേഷനിലെത്തുമെന്ന രഹസ്യ വിവരത്തേ തുടർന്നാണ് പൊലീസ് പരിശോധന കർശനമാക്കിയത്. കാർട്ടനിലാക്കി സൂക്ഷിച്ച നിലയിലാണ് ഇവരിൽ നിന്ന് ആംബർഗ്രീസ് കണ്ടെത്തിയത്. ഇവരെത്തുന്ന സമയം അടക്കമുള്ള വിവരം രഹസ്യ വിവരത്തിൽ പൊലീസിന് ലഭിച്ചിരുന്നു. 30കാരനായ അരുണ്‍ രാജനേയും 29കാരനായ നിബിൻ വർഗീസിനേയും 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവർ സംയുക്ത സംഘത്തിനൊപ്പമുണ്ടായിരുന്നു.

1972ലെ വനം വന്യജീവി സംരക്ഷണ നിയമപ്രകാരം ആംബർഗ്രീസ് കയ്യിൽ സൂക്ഷിക്കുന്നതും വിൽപന നടത്തുന്നതും കുറ്റകരമാണ്. മരുന്നിനും വിലയേറിയ പെർഫ്യൂമുകളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന ആംബർഗ്രീസിന് വിപണിയിൽ നിരവധി ആവശ്യക്കാരാണുള്ളത്. മലയാളി യുവാക്കൾക്ക് ആംബർഗ്രീസ് ലഭിച്ചത് എവിടെ നിന്നാണെന്നുള്ള വിവരം അന്വേഷിക്കുകയാണെന്നാണ് കൊങ്കൺ പൊലീസ് വിശദമാക്കുന്നത്.

 

Share
Leave a Comment