ചെന്നൈ: ഐഎസ്ആര്‍ഒയുടെ അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് 3ഡി.എസ് വിക്ഷേപിച്ചു. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഇൻസാറ്റ് ഉപഗ്രഹ ശ്രേണിയിലേക്കാണ് ഇസ്രോ പുതിയൊരു ഉപഗ്രഹത്തെ കൂടി ബഹിരാകാശത്തേക്ക് അയക്കുന്നത്.
2274 കിലോ ഭാരമുള്ള ഉപഗ്രഹത്തെ 253.53 കിലോമീറ്റർ അകലെയുള്ള താൽക്കാലിക ഭ്രമണപഥത്തിലേക്ക് (ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റ്) എത്തിക്കുന്നത് ജിഎസ്എൽവി–എഫ്14 റോക്കറ്റാണ്. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു വേണ്ടിയാണ് ഐഎസ്ആർഒ ഇൻസാറ്റ്–3 ഡിഎസ് വിക്ഷേപിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉൾപ്പെടെയുള്ള ഏജൻസികൾക്ക് ഇതിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിക്കാം.
2013 ജൂലൈ 25 ന് വിക്ഷേപിച്ച ഇൻസാറ്റ്–3ഡി, 2016 സെപ്റ്റംബർ 8 ന് വിക്ഷേപിച്ച ഇൻസാറ്റ്–3ഡിആർ എന്നിവയുടെ തുടർച്ചയാണ് അത്യാധുനിക ഉപഗ്രഹമായ ഇൻസാറ്റ്–3 ഡിഎസ്. കാലാവസ്ഥ, സമുദ്ര സാഹചര്യങ്ങൾ തുടങ്ങിയവ നിരീക്ഷിച്ച് വിവരം കൈമാറുകയാണ് ദൗത്യം. പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി കാണാനും ശേഷിയുണ്ട്. മികവുറ്റ പഠനോപകരണങ്ങളാണ് ഇൻസാറ്റ്–3 ഡിഎസിലുള്ളത്. 6 ചാനൽ ഇമേജർ, 19 ചാനൽ സൗണ്ടർ പേലോഡുകൾ (പഠനോപകരണങ്ങൾ), ഡേറ്റ റിലേ ട്രാൻസ്പോണ്ടർ (ഡിആർടി) തുടങ്ങിയവ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കും.
Post Your Comments