വയനാട്: മാനന്തവാടിയിലെയും പുൽപ്പള്ളിയിലെയും ജനവാസമേഖലയിൽ കാട്ടാനയെ കൂടാതെ കടുവയുടെയും സാന്നിധ്യം. ഒരു ഭാഗത്ത് കാട്ടാന, മറുഭാഗത്ത് പുലി, കടുവ, കരടി തുടങ്ങിയ വന്യജീവികൾ. ഇതാണ് വയനാട്ടിലെ ജനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ. മാനന്തവാടിയിൽ ഭീതി പരത്തിയ ബേലൂർ മഖ്‌നയെ പിടികൂടാനുള്ള ശ്രമം പരാജയപ്പെട്ടതിൻ്റെ മൂന്നാം ദിവസമാണ് പുൽപ്പള്ളിയിൽ കടുവയെ കണ്ടത്. ജനവാസകേന്ദ്രമായ വാടാനക്കവലയിലാണ് കടുവയെ കണ്ടത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കടുവ കാട്ടുപന്നിയെ പിന്തുടരുകയായിരുന്നു. താമസക്കാരൻ്റെ വീട്ടുവളപ്പിൽ ഏറെ നേരം തങ്ങിയ ശേഷം കടന്നതായും നാട്ടുകാർ പറഞ്ഞു. ഇതേ കടുവയെ പിന്നീട് രണ്ട ദിവസങ്ങൾക്ക് ശേഷം ബുധനാഴ്ച വൈകീട്ടും പുൽപ്പള്ളിയിൽ നിന്ന് തൊഴിലുറപ്പു പണിക്കാർ കണ്ടതായി റിപ്പോർട്ട് ഉണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കടുവയെ കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെ സ്ഥിരമായി കടുവയുടെ സാന്നിധ്യമുണ്ട്. വനംവകുപ്പ് കാമറകളും കൂടുകളും സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നതിനിടെയാണ് വീണ്ടും കടുവയെത്തിയത്. വയനാട് ജില്ലയിൽ വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായി വരികയാണ്. കാടുമായി ഒരു ബന്ധവുമില്ലാത്ത ഇടങ്ങളിൽ പോലും ആനയെയും, പുലിയെയും കണ്ടു വരുന്നു. അതിനാൽ കുട്ടികളെ വീട്ടിൽ നിന്ന് ഇറക്കിവിടാൻ പോലും രക്ഷിതാക്കൾ ധൈര്യപ്പെടുന്നില്ല. സർക്കാരിൻ്റെ ഭാഗത്തുനിന്നും വലിയ വീഴ്ചകളുണ്ടായി എന്ന ആരോപണം ശക്തമാകുന്നു.
അതേസമയം, വയനാട്ടിൽ ഈ വർഷം മാത്രം 3 പേരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വിഎസ്എസ്) ജീവനക്കാരനായ പോൾ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നിൽപ്പെടുകയായിരുന്നു. ഭയന്നോടിയപ്പോൾ താൻ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോൾ പറഞ്ഞത്. പോൾ ഇന്നലെ മരണത്തിന് കീഴടങ്ങി. കാട്ടാന ആക്രമണത്തിൽ 17 ദിവത്തിനിടയിൽ 3 പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
ഫെബ്രുവരി പത്തിന് മാനന്തവാടി പടമല സ്വദേശി അജീഷ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അജീഷിനെ ആക്രമിച്ച ബേലൂർ മഖ്നയെ ഇതുവരെയും പിടികൂടാനായിട്ടില്ല. ഇതിനിടെയാണ് വീണ്ടും കാട്ടാന ആക്രമണത്തിൽ മറ്റൊരാൾ കൂടി കൊല്ലപ്പെട്ട അതിദാരുണ സംഭവം ഉണ്ടായത്. ജനുവരി 30ന് തോൽപ്പെട്ടി സ്വദേശി ലക്ഷ്മണൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Post Your Comments