ചെന്നൈ: രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി നൃത്ത – സംഗീത വേദികളിൽ ഒരുകാലത്ത് തിളങ്ങിനിന്ന ഗിരിജ അടിയോടി (82) അന്തരിച്ചു. രണ്ട് മക്കളും ഗൾഫിലും തമിഴ്നാട്ടിലും ഉൾപ്പെടെ നിരവധി ശിഷ്യസമ്പത്തുമുള്ള ഗിരിജ അടിയോടി ചെന്നൈയിലെ രാജീവ്ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ ആരോരും സഹായത്തിനില്ലാതെ ചികിത്സയിൽ കഴിയവെയാണ് അന്തരിച്ചത്.
മഞ്ചേരി താഴെക്കാട്ടു മനയിൽ കുടുംബാംഗമായ ഗിരിജ അടിയോടിയുടെ ഭർത്താവ് മലബാർ പോലീസ് വകുപ്പിലായിരുന്നു. ഇദ്ദേഹം നേരത്തേ മരിച്ചു. മകനും മകളുമുണ്ട്. മകളും കുടുംബവും ദുബായിലാണ് താമസമെന്നു പറയുന്നു. അവരുടെ നമ്പരിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ യാതൊരു പ്രതികരണവും ലഭിച്ചില്ലെന്ന് ചെന്നൈയിലെ നോർക്ക റൂട്ട്‌സ് സ്പെഷ്യൽ ഓഫീസർ അനു പി. ചാക്കോ പറഞ്ഞു. വേൾഡ് മലയാളി കൗൺസിൽ പ്രതിനിധികളുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തിയിരുന്നു.
ഞരമ്പുസംബന്ധമായ അസുഖങ്ങളെത്തുടർന്ന് പത്തുദിവസം മുമ്പാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗിരിജയുടെ മൃതദേഹം ഇപ്പോൾ ജനറൽ ആശുപത്രി മോർച്ചറിയിലാണ്. നോർക്കയുടെയും ചെന്നൈയിലെ മലയാളി സംഘടനകളുടെയും നേതൃത്വത്തിൽ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ചെന്നൈ കോർപ്പറേഷൻ ആസ്ഥാനമായ റിപ്പൺ ബിൽഡിങ്ങിനു സമീപത്തെ ശ്മശാനത്തിൽ സംസ്കരിക്കാനാണ് തീരുമാനമെന്നും അനുചാക്കോ പറഞ്ഞു.
മദ്രാസ് മ്യൂസിക് കോളേജിൽ പഠിച്ച ഗിരിജ ദുബായ് കരാമയിൽ ‘സ്വരലയ’ എന്ന സംഗീത-നൃത്ത വിദ്യാലയം നടത്തിയിരുന്നു. സ്ഥാപനം മകൾക്കുനൽകിയശേഷം പതിനഞ്ചു വർഷം മുമ്പാണ് ചെന്നൈയിലെത്തിയത്. വാടകവീട്ടിൽ താമസിച്ച് സംഗീതം പഠിപ്പിക്കുകയായിരുന്നു. കുറച്ചു കാലത്തിനുശേഷം കൽപ്പാക്കത്തേക്കു മാറി. ഗിരിജ ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിൽ നൃത്ത സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുള്ളതായി അടുപ്പമുള്ളമുള്ളവർ പറയുന്നു.
കേരളത്തിലും പലയിടങ്ങളിലും കച്ചേരികൾ നടത്തി. മക്കളും ബന്ധുക്കളുമുണ്ടായിട്ടും ധാരാളം ശിഷ്യസമ്പത്തുണ്ടായിട്ടും ഒടുവിൽ അവർക്കൊപ്പം താങ്ങും തണലുമായി ഒപ്പമുണ്ടായത് ഒരു ഡ്രൈവർ മാത്രമായിരുന്നു. ചെന്നൈയിൽ ആശുപത്രിയിൽ കഴിയുമ്പോൾ അവരിൽനിന്ന് സംഗീതം പഠിച്ച ഒരു കുട്ടിയുടെ അച്ഛനും സഹായവുമായെത്തി. നോർക്ക റൂട്ട്‌സ് ഇടപെട്ടതോടെയാണ് അവർക്ക് ഇവിടെനിന്ന് മികച്ച ചികിത്സ ലഭിച്ചതും.
Post Your Comments