ErnakulamKeralaNews

തൃപ്പൂണിത്തുറ സ്ഫോടനം: ഒളിവിൽ പോയ 9 പേർ പോലീസ് കസ്റ്റഡിയിൽ, പിടിയിലായത് മൂന്നാറിൽ നിന്ന്

തൃപ്പൂണിത്തുറ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്

കൊച്ചി: തൃപ്പൂണിത്തുറ വെടിക്കെട്ട് സ്ഫോടനവുമായി ബന്ധപ്പെട്ട സംഭവത്തിൽ 9 പേർ പോലീസ് കസ്റ്റഡിയിൽ. സ്ഫോടനത്തെ തുടർന്ന് ഒളിവിൽ പോയവരാണ് പിടിയിലായത്. മൂന്നാറിൽ നിന്നാണ് അന്വേഷണ സംഘം ഇവരെ പിടികൂടിയിട്ടുള്ളത്. പുതിയകാവ് ക്ഷേത്രത്തിൽ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയെന്ന കേസിൽ തെക്കുംഭാഗം കരയോഗം ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. അപകടത്തിന് പിന്നാലെ ക്ഷേത്രം ഭാരവാഹികളും കരയോഗം ഭാരവാഹികളും ഒളിവിൽ പോകുകയായിരുന്നു. ഇതിനെ തുടർന്ന് ഊർജ്ജിതമായ തിരച്ചിലാണ് പോലീസ് നടത്തിയത്.

തൃപ്പൂണിത്തുറ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വടക്കുംഭാഗം കരയോഗത്തിന്റെ വെടിക്കെട്ടിനായി സ്ഫോടക വസ്തുക്കൾ ഇറക്കുമ്പോഴാണ് അപകടം ഉണ്ടായത്. ഇതിന്റെ തലേദിവസമാണ് തെക്കുംഭാഗം കരയോഗത്തിന്റെ വെടിക്കെട്ട് പുതിയകാവ് ക്ഷേത്രത്തിൽ നടന്നത്. അധികൃതരുടെ മുൻകൂർ അനുമതിയില്ലാതെയാണ് ഈ വെടിക്കെട്ട് നടന്നതെന്ന് പോലീസും ജില്ലാ ഭരണാധികാരികളും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സ്ഫോടനവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് കസ്റ്റഡിയിലുള്ളവർ പോലീസിനോട് അറിയിച്ചു. കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുന്നതാണ്. നിലവിൽ, പ്രദേശത്തെ നാശനഷ്ടക്കണക്കുകൾ തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തിൽ ശേഖരിച്ച് വരികയാണ്. സ്ഫോടനത്തെ തുടർന്ന് രണ്ട് മരിക്കുകയും ഇരുപതിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, നിരവധി വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്.

Also Read: ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്കയായി കിട്ടിയ സ്വർണം ഉരുക്കി ബാങ്കിൽ നിക്ഷേപിക്കും, ഖജനാവിലെത്തുക പ്രതിവർഷം 25 കോടി

shortlink

Post Your Comments


Back to top button